കേന്ദ്രീയ വിദ്യാലയ ഫീസ് വര്‍ധനക്ക് സുപ്രീം കോടതി സ്റ്റേ

Posted on: December 9, 2014 12:43 am | Last updated: December 8, 2014 at 11:44 pm

കൊച്ചി: വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധമായി കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളില്‍ നിന്ന് ഈടാക്കുന്ന വികാസ് നിധി, കമ്പ്യൂട്ടര്‍ ഫണ്ട് എന്നിവ വര്‍ധിപ്പിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു. ഫീസ് വര്‍ധന ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയ പാരന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് ഫെസിക്‌സ് സമര്‍പ്പിച്ച അപ്പീല്‍ഹരജി പരിഗണിച്ചാണ് വിധി.
2013ന് മുമ്പ് ഈടാക്കിയിരുന്ന ഫീസ് മാത്രമേ ഈടാക്കാവൂ എന്നും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2013 ഏപ്രില്‍ മുതല്‍ നിലവിലുള്ള ഫീസിന്റെ 103 ശതമാനമാണ് കേന്ദ്രീയ വിദ്യാലയം വര്‍ധിപ്പിച്ചത്. 720 രൂപയായിരുന്ന വിദ്യാലയ വികാസ് നിധി 1500 രൂപയായും 150 രൂപയായിരുന്ന കമ്പ്യൂട്ടര്‍ ഫീസ് 300 രൂപയുമായി വര്‍ധിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് പാരന്റ്‌സ് അസോസിയേഷന്‍ സുപ്രീം കോടതില്‍ അപ്പീല്‍ഹര്‍ജി സമര്‍പ്പിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചതോടെ മറ്റ് സ്വകാര്യ സ്‌കൂളുകളും അവരുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്ക് മാതൃക എന്ന് സ്വയം അവകാശപ്പെടുന്ന സ്ഥാപനം ഭരണഘടന കുട്ടികള്‍ക്ക് ഉറപ്പ് നല്‍കുന്ന മൗലിക അവ കാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും അസോസി േയഷന്‍ ആരോപിച്ചു. അസോ സിയേഷന്‍ പ്രസിഡണ്ട് അഡ്വ. പ്രകാശ് കേശവന്‍, സെക്രട്ടറി ജോര്‍ജ് ഫെലിക്‌സ് ആന്റണി, ചീഫ് കോര്‍ഡിനേറ്റര്‍ ജേക്കബ് ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.