Connect with us

Ongoing News

വൈദ്യുതി പ്രതിസന്ധി; 815 മെഗാവാട്ട് പുറത്തു നിന്ന് വാങ്ങാന്‍ കരാറുണ്ടാക്കും

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 25 വര്‍ഷത്തേക്ക് 815 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാറിന് കെ എസ് ഇ ബി ശ്രമം തുടങ്ങി. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ കരാറില്‍ ഒപ്പുവെക്കും. 2017ല്‍ സംസ്ഥാനത്ത് 4661 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയുണ്ടാകുമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പഠനമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

2021-22ല്‍ ഇത് 6093 മെഗാവാട്ടായി വര്‍ധിക്കും. നിലവില്‍ കേരളത്തിന് 2486 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. സംസ്ഥാനത്തെ ജലവൈദ്യുതനിലയങ്ങള്‍ക്ക് 2004 മെഗാവാട്ട് ഉത്പാദനശേഷിയുണ്ടെങ്കിലും 1600 മുതല്‍ 1700 മെഗാവാട്ട് വരെ മാത്രമേ ഉത്പാദിക്കാന്‍ കഴിയുന്നുള്ളു. കേന്ദ്രപൂളില്‍ നിന്ന് 1100 മുതല്‍ 1200 വരെ മെഗാവാട്ടും ലഭിക്കുന്നുണ്ട്. എന്നിട്ടും പലപ്പോഴും 800 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുന്നു. ലോഡ് ഷെഡിംഗ് ഒഴിവാക്കാനായി യൂനിറ്റിന് 12-15 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരികയാണ്.
6,000 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം അതിന് കഴിയുന്നില്ലെങ്കില്‍ പോലും സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. നിര്‍മാണത്തിലുള്ള 130 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 195 മെഗാവാട്ട് കൂടി ലഭിക്കും. ഇതുള്‍പ്പെടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 536 മെഗാവാട്ട് വൈദ്യുതി കൂടി കൂട്ടിച്ചേര്‍ക്കാനാകും.
കായംകുളം, ബി എസ് ഇ എസ്, ബ്രഹ്മപുരം തുടങ്ങിയ നിലയങ്ങളില്‍ നിന്ന് വൈദ്യുതിയുടെ ചെലവ് കുറക്കുന്നതിനായി എല്‍ എന്‍ ജിയിലേക്ക് മാറുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. കൊച്ചിയില്‍ പെറ്റ്‌കോക്ക് ഉപയോഗിച്ച് 500 മെഗാവാട്ട് ഉത്പാദന നിലയം സ്ഥാപിക്കാനുളള പ്രാരംഭനടപടികള്‍ നടന്നുവരികയാണ്.
കാറ്റില്‍ നിന്ന് തമിഴ്‌നാട്ടില്‍ 6000 മെഗാവാട്ട് ഉത്പാദിക്കുമ്പോള്‍ കേരളം വെറും 32 മെഗാവാട്ട് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 82 മെഗാവാട്ടും സ്വകാര്യസംരംഭകരുടെ സഹായത്തോടെ 28 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കും. ഭൂമിയുടെ ദൗര്‍ലഭ്യമാണ് സൗരോര്‍ജ വൈദ്യുതോത്പാദനത്തിന് തടസ്സമാകുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
10,000 വീടുകളില്‍ റൂഫ് ടോപ്പ് പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ 6000 വീടുകള്‍ പൂര്‍ത്തിയായി. ഗ്രിഡ് മുഖേന സൗരോര്‍ജ വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയില്‍ 5000 വീടുകളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായും കെ മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest