Connect with us

Articles

സാധ്വി നിരഞ്ജന ജ്യോതി വെറുതെ പറയുകയല്ല

Published

|

Last Updated

2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറള്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം പ്രകോപനപരവും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതും ആയിരുന്നുവെന്ന് ആരോപിച്ച് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് മൂലം കോടതി തീര്‍പ്പാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. മാറാട്ട് ആദ്യമുണ്ടായ ആക്രമണത്തിന് പ്രതികാരമെന്നോണമുണ്ടായ രണ്ടാമത്തെ ആക്രമണത്തിന് ശേഷം പ്രദേശത്തു നിന്ന് ഒരു വിഭാഗം കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രവീണ്‍ തൊഗാഡിയ മുതലക്കുളത്ത് പ്രസംഗിച്ചത് എന്നത് കൊണ്ടു തന്നെ രജിസ്റ്റര്‍ ചെയ്ത കേസിന് ഗൗരവം ഏറെയുണ്ട്. പ്രസംഗിച്ചത് തൊഗാഡിയയായതുകൊണ്ടു തന്നെ അതില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനും ഇടയില്ല. ഈ കേസാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ട് കോടതി തീര്‍പ്പാക്കിയെന്ന്, പത്ത് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്.
കോടതിയുടെ തീര്‍പ്പുണ്ടാകും മുമ്പ് തന്നെ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നതാണ് വസ്തുത. മാറാട് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാക്കിയ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്നും ഇക്കാര്യം തനിക്ക് അറിവുള്ളതാണെന്നും ഇതേ മുഖ്യമന്ത്രി തന്നെ നേരത്തെ വിശദീകരിച്ചിരുന്നു. മാറാട്ടുണ്ടായ സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രദേശവാസികളും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകളും തമ്മിലുണ്ടാക്കുന്ന ധാരണകളില്‍ എങ്ങനെയാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ പാകത്തില്‍ പ്രസംഗിച്ച പുറംനാട്ടുകാരനെതിരായ കേസ് പിന്‍വലിക്കല്‍ ഉള്‍പ്പെടുന്നത് എന്നത് വ്യക്തമല്ല. എന്തായാലും കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായെന്നതും ചാര്‍ജ് ഷീറ്റ് കൃത്യസമയത്ത് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി മെനക്കെടാതിരുന്നത് മൂലം കേസ് കോടതി തീര്‍പ്പാക്കിയെന്നതും യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല. കേസിലെ ആരോപണ വിധേയര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് കോടതി തന്നെ പലകുറി ഓര്‍മപ്പെടുത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസ് എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതിനും മുഖ്യമന്ത്രി ഉത്തരം നല്‍കുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം കോടതി മുമ്പാകെ വിശദീകരിച്ച്, കേസിന്റെ വിചാരണ നടത്താന്‍ ശ്രമിച്ചോ എന്നതിലും വിശദീകരണമില്ല.
പ്രസംഗം നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫായിരുന്നു ഭരണത്തില്‍. പിന്നീട് അഞ്ച് കൊല്ലം സി പി എമ്മിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് ഭരിച്ചു. പിന്നെ വീണ്ടും യു ഡി എഫ് വന്നതിന് ശേഷമാണ് കോടതി കേസ് തീര്‍പ്പാക്കിയതും അതിന് മുമ്പ് പിന്‍വലിക്കാന്‍ ശ്രമം നടന്നതും. കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ആരോപണവിധേയരെ ഹാജരാക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയുടെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ കഴിയില്ലെന്ന് ചുരുക്കം. ക്രിമിനല്‍ കേസിനപ്പുറത്ത്, വര്‍ഗീയ വിദ്വേഷം വളര്‍ത്തി നേട്ടമുണ്ടാക്കുക എന്ന സംഘ് അജന്‍ഡയുടെ ഭാഗമാണ് ഈ പ്രസംഗമെന്ന രാഷ്ട്രീയം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന പാര്‍ട്ടികളും അതിന്റെ നേതാക്കളും വീഴ്ചകാട്ടിയെന്ന് ചുരുക്കം.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് മത്സരിച്ച വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളില്‍ പലതും പ്രകോപനപരവും വര്‍ഗീയതയെ ആളിക്കത്തിക്കുന്നതുമായിരുന്നു. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്ന് ആരും കരുതേണ്ടെന്നും ഹിന്ദുക്കള്‍ക്കെതിരെ വിരലുയര്‍ന്നാല്‍ അത് വെട്ടിനീക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നുമൊക്കെ, സഞ്ജയ് ഗാന്ധിയുടെ മകന്‍ ആക്രോശിച്ചിരുന്നു. ഇതേച്ചൊല്ലി കേസും അറസ്റ്റുമൊക്കെയുണ്ടായി. കോടതിക്ക് മുന്നില്‍ വന്നപ്പോള്‍ സാക്ഷികള്‍ കൂറുമാറി, പ്രസംഗം റെക്കോര്‍ഡ് ചെയ്ത സി ഡിയില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് വരുണിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഏറെക്കുറെ അട്ടിമറിക്കപ്പെടുകയും 2014ല്‍ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഉത്തര്‍ പ്രദേശ് മായാവതിയും കേന്ദ്രം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എയും ഭരിക്കുന്ന കാലത്താണ് ഇതൊക്കെ നടന്നത്. വര്‍ഗീയവിദ്വേഷം വളര്‍ത്തുംവിധത്തില്‍ പ്രസംഗിച്ച നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകത്തില്‍ കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാന്‍ ബി എസ് പിക്കും കോണ്‍ഗ്രസിനും സാധിച്ചില്ലെന്ന് ചുരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തെ വര്‍ഗീയവത്കരിക്കുന്നത് തടയാന്‍ പാകത്തിലുള്ള ശക്തമായ നിയമവ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിലില്ലാത്തതും ഉള്ള വ്യവസ്ഥകള്‍ വേണ്ടുംവണ്ണം ഉപയോഗിക്കാനുള്ള ഇച്ഛാശക്തി തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാര്‍ക്കില്ലാത്തതും കൂടിയായപ്പോള്‍ സംഗതികള്‍, വരുണ്‍ ഗാന്ധിയെ സംബന്ധിച്ച് എളുപ്പമായി.
പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ പേരിലുമുണ്ടായിരുന്നു സമാനമായ ആരോപണങ്ങള്‍. അത്തരം കേസുകള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതുകൊണ്ട് തള്ളിപ്പോകുകയാണ് ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ഒമ്പതരവര്‍ഷത്തെ വിചാരണത്തടവിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍, താന്‍ മുന്‍കാലത്ത് നടത്തിയ പ്രസംഗങ്ങളില്‍ പലതും അതിരുവിട്ടുപോയെന്നും വികാരം വിവേകത്തെ കീഴടക്കിയ കാലത്ത് സംഭവിച്ച വീഴ്ചകളാണെന്നും ഏറ്റുപറയാനുള്ള മര്യാദ മഅ്ദനി കാട്ടിയതുകൊണ്ട് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ഒരു പരിധിവരെ ന്യായീകരിക്കാനാകും. തൊഗാഡിയയോ വരുണ്‍ ഗാന്ധിയോ ഒന്നും ഇത്തരമൊരു ഏറ്റുപറച്ചിലിന് തയ്യാറായില്ലെന്ന് മാത്രമല്ല, വര്‍ഗീയ വിഷം വമിപ്പിക്കുന്ന രീതി തരംകിട്ടുമ്പോഴൊക്കെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം, കേന്ദ്ര മന്ത്രിയും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജനപ്രതിനിധിയുമായ സാധ്വി നിരഞ്ജന ജ്യോതിയുടെ പ്രസംഗത്തെ കാണേണ്ടത്. ഡല്‍ഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ അതോ പിതൃശൂന്യരാണോ എന്ന് സാധ്വി ചോദിക്കുമ്പോള്‍, കാലങ്ങളായി സംഘ്പരിവാരത്തിന്റെ നേതാക്കള്‍ പരോക്ഷമായി ചോദിച്ചിരുന്നത് പ്രത്യക്ഷത്തില്‍ വരുന്നുവെന്ന വ്യത്യാസമേ സംഭവിക്കുന്നുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി വളര്‍ത്തി, അധികാരം പിടിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുക എന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രൂപവത്കരിച്ച കാലം മുതലുള്ള അജന്‍ഡയാണ്. അതിന് പാകത്തില്‍ പല സംഘടനാ രൂപങ്ങള്‍ക്കും സംഘ് നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. ഉദ്ദിഷ്ടകാര്യം നേടിക്കൊടുക്കാന്‍ പാകത്തിലുള്ളവരെ അതിന്റെ നേതൃത്വങ്ങളിലേക്ക് നിയോഗിച്ചിട്ടുമുണ്ട്. പ്രവീണ്‍ തൊഗാഡിയ, ഉമാ ഭാരതി, സാധ്വി റിതംബര, എല്‍ കെ അഡ്വാനി, നരേന്ദ്ര മോദി എന്നിങ്ങനെ ആ നേതൃപട്ടികയെ നീട്ടാനാകും. ഇവര്‍ എല്ലാവരും തന്നെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധിച്ചെടുക്കാനുള്ള പങ്ക് വഹിച്ചിട്ടുമുണ്ട്.
അയോധ്യയിലേക്കുള്ള രഥയാത്രയും അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ആസൂത്രിത കലാപവുമായിരുന്നു അഡ്വാനിയുടെ പങ്ക്. രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെട്ട് നടന്ന വിവിധ പ്രചാരണ കോലാഹലങ്ങളില്‍ നടത്തിയ വിഷമേറിയ വാഗ്‌ധോരണികളായിരുന്നു ഉമാഭാരതിയുടെയും സാധ്വി റിതംബരയുടെയും പങ്ക്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പോയി തരാതരം വര്‍ഗീയ വിഷം വമിപ്പിച്ചതാണ് പ്രവീണ്‍ തൊഗാഡിയയുടെ പങ്ക്. ഗുജറാത്തിലെ വംശഹത്യക്കും അതിന് ശേഷം നടന്ന ആസൂത്രിതമായ വ്യാജ ഏറ്റുമുട്ടലുകളുമാണ് നരേന്ദ്ര മോദിയുടെ പങ്ക്. ആ പട്ടികയില്‍ ഇത്രകാലം അറിയപ്പെടാതിരുന്ന ഒരു പേര് മാത്രമാണ് സാധ്വി നിരഞ്ജന ജ്യോതി. മുന്‍ചൊന്ന നേതാക്കളുടെ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ സാധ്വിയുടെ ഇപ്പോഴത്തെ സംഭാവന തുച്ഛമാണെന്ന് കരുതേണ്ടിവരും. പക്ഷേ, ഈ വാക്കുകള്‍ ഉച്ചരിക്കപ്പെട്ട സാഹചര്യവും കാലവും പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തന്നെ, കാവിവത്കരണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടാനും രാജ്യത്തെ ഉത്പാദന കേന്ദ്രമായി മാറ്റാനുമൊക്കെയുള്ള പരിപാടികളെക്കുറിച്ച് ഭരണനേതൃത്വം വാചാലരാകുകയും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിനെ നിയന്ത്രിക്കാനില്ലെന്ന് ആര്‍ എസ് എസ് പറയുകയും ചെയ്തപ്പോള്‍, കാവിവത്കരണ ശ്രമങ്ങള്‍ പ്രതീക്ഷിച്ച വേഗത്തിലുണ്ടാകില്ലെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, സംഘ് പരിവാര്‍ അജന്‍ഡകളുടെ നടപ്പാക്കലിന് വേഗം കൂടുന്നതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഒഴിവാക്കി സംസ്‌കൃതം ഉള്‍പ്പെടുത്താനുള്ള ശ്രമം, പാഠ്യപദ്ധതി രാജ്യത്തിന്റെ “യഥാര്‍ഥ ചരിത്രം” ഉള്‍ക്കൊള്ളുന്നതായി മാറ്റുന്നതിനുള്ള സംഘ് ബന്ധുക്കളുടെ ശിപാര്‍ശ, അതിനോട് ഭരണകൂടം സ്വീകരിക്കുന്ന അനുകൂല നിലപാട്, അത്തരം ചരിത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്, ശാസ്ത്ര ഗവേഷണത്തിന്റെ ഫലങ്ങളൊക്കെ ഇന്ത്യന്‍ പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടിരുന്നതാണെന്നുള്ള ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍, ഭഗവത് ഗീതയെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തുടങ്ങിയവയൊക്കെ അരങ്ങേറുന്നതിനിടയിലാണ് രാമന്റെ മക്കളും പിതൃശൂന്യരുമായി ജനത്തെ, മന്ത്രി വിഭജിച്ച് നിര്‍ത്തുന്നത്.
ഇനിയങ്ങോട്ട് രാജ്യത്ത് ജീവിക്കണമെങ്കില്‍ രാമന്റെ മക്കളുടെ പക്ഷത്ത് നില്‍ക്കണമെന്ന പരസ്യമായ പ്രഖ്യാപനമായി വേണം ഇതിനെ കാണാന്‍. അല്ലാത്തവരൊക്കെ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരോ അനധികൃതരോ ആകുമെന്നും. തന്റെ പ്രസ്താവനക്ക് നല്‍കിയ വിശദീകരണത്തില്‍ പിതൃശൂന്യരെന്ന പ്രയോഗത്തിലൂടെ താനുദ്ദേശിച്ചത് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെയും അനധികൃതരെയുമാണെന്ന് വ്യക്തമാക്കിയപ്പോള്‍ സന്ദേശം കുറേക്കൂടി വ്യക്തമാകുകയും ചെയ്തു. ഗ്രാമത്തില്‍ നിന്നുള്ള നേതാവാണ് സാധ്വിയെന്ന് നരേന്ദ്ര മോദി വിശദീകരിക്കുമ്പോള്‍, ഗ്രാമീണതലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് സംഘ് പരിവാരം നല്‍കുന്ന പാഠം ഇതാണെന്ന് കൂടിയാണ് അര്‍ഥം. ആ പാഠങ്ങളെ കുറേക്കൂടി സമഗ്രവും സുഘടിതവും സാര്‍വത്രികവുമാക്കാനുള്ള നീക്കങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇത്തരം പരസ്യ പ്രഖ്യാപനങ്ങളുണ്ടാകുന്നത്. സാധ്വിയുടെവാക്കുകളെച്ചൊല്ലി പാര്‍ലിമെന്റ് സ്തംഭിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുതകും വിധത്തിലുള്ള പ്രസംഗങ്ങളോട് മുന്‍കാലത്തെടുത്ത നിലപാടുകള്‍ കൂടി വിമര്‍ശ വിധേയമാക്കേണ്ടതുണ്ട്. പുതിയ പാഠങ്ങള്‍ക്കുള്ള ശ്രമങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിലെ ബഹളത്തിനപ്പുറത്ത്, ഈ രാഷ്ട്രീയത്തെ ചെറുക്കാന്‍ മണ്ണില്‍ എന്താണ് ചെയ്യുന്നത് എന്നും.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest