ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു

Posted on: December 8, 2014 6:39 pm | Last updated: December 8, 2014 at 6:39 pm

20141206_205356അബുദാബി: അബുദാബി നഗരസഭയുടെയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും സഹകരണത്തോടെ ഐ എസ് സി സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 130 ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലിനായി ഒരുക്കിയത്. കലയും കാഴ്ചയും സംഗമിച്ച ഇന്ത്യാ ഫെസ്റ്റിന് പതിനായിരക്കണക്കിന് പേര്‍ എത്തിയതായി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വീട്ടമ്മമാര്‍ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകള്‍ ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരുവ് മാന്ത്രികര്‍ ഒരുക്കിയ തെരുവ് ജാല വിദ്യയും തൈക്കുടം ബ്രിഡ്ജ് സംഘടിപ്പിച്ച ബാന്‍ഡ് മ്യൂസിക് വിരുന്നും പ്രശസ്ത ഗായകന്‍ ബോംബെ അസ്‌ലമിന്റെ ഗാനമേളയും ഫെസ്റ്റിന് നിറപ്പകിട്ടേകി. കുടുംബിനികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദിവസവും ഫെസ്റ്റ്‌നഗരി സന്ദര്‍ശിച്ചത്.