ഈജിപ്തിന് 1,000 വാഹനങ്ങള്‍

Posted on: December 8, 2014 5:00 pm | Last updated: December 8, 2014 at 5:57 pm

അബുദാബി: ആഭ്യന്തര പ്രശ്‌നങ്ങള്‍ കെട്ടടങ്ങിവരുന്ന ഈജിപ്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയിലേക്ക് അബുദാബിയിലെ സ്വദേശി വ്യാപാരിയുടെ വന്‍ സഹായം. 1,000 ചെറുയാത്രാ വാഹനങ്ങളാണ് സ്വദേശി വ്യാവസായി അബ്ദുല്ല റാശിദ് അല്‍ നുഐമി ഈജിപ്തിനു നല്‍കുക.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈജിപ്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളത് ഗതാഗത സൗകര്യങ്ങളാണ്. ഇതു മനസ്സിലാക്കിയാണ് 1,000 ചെറുഗതാഗത വാഹനങ്ങള്‍ തന്റെ വകയായി ഈജിപ്തിനു നല്‍കുന്നതെന്ന് അബുദാബി ആസ്ഥാനമായ ട്രാന്‍സ് ബിസിനസ് ട്രെഡിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഉടമയായ അബ്ദുല്ല റാശിദ് അല്‍ നുഐമി പറഞ്ഞു.
പൂര്‍വസ്ഥിതി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈജിപ്തിലെ യുവാക്കള്‍ക്ക് തൊഴില്‍ രംഗത്ത് സ്ഥിരത ഉറപ്പുവരുത്താന്‍ സന്മനസ്സുള്ളവര്‍ സഹായിക്കണമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ അഭ്യര്‍ഥന കേട്ടാണ് തന്റെ ഈ സഹായമെന്നും അല്‍ നുഐമി വ്യക്തമാക്കി. സഹായത്തിന്റെ ആദ്യ ഘഡുവായ 200 വാഹനങ്ങള്‍ ഈജിപ്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കൈമാറുകയുണ്ടായി.
യു എ ഇ മന്ത്രി ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, ഈജിപ്ത് ഗതാഗത മന്ത്രി എഞ്ചി. ഹാനി ദാഹി, ഈജിപ്തിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് ബിന്‍ നഖീറ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.