Connect with us

International

യു എസ് മാധ്യമപ്രവര്‍ത്തകന് ഇറാന്‍ ജാമ്യം അനുവദിച്ചില്ല

Published

|

Last Updated

ടെഹ്‌റാന്‍: ഇറാനില്‍ അറസ്റ്റിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് ഇറാന്‍ കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റ് ചെയ്ത് നാല് മാസമായെങ്കിലും ഇതുവരെയും ജാമ്യം അനുവദിക്കാത്ത ഇറാന്റെ നടപടിയെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് ജാമ്യം നിഷേധിച്ച നടപടിയെ വലിയ നിരാശയെന്നാണ് ജോണ്‍ കെറി വിശേഷിപ്പിച്ചത്.
ഇറാനിലെ വാഷിംഗ്ടണ്‍ പോസ്റ്റ് ബ്യൂറോ മേധാവിയായിരുന്ന ജേസണ്‍ റസയ്യന്‍ നാല് മാസമായി ഇറാനില്‍ തടവില്‍ കഴിയുകയാണ്. അമേരിക്കയുടെയും ഇറാന്റെയും ഇരട്ട പൗരത്വമുള്ള ഇദ്ദേഹത്തിന് നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നാണ് അമേരിക്ക പറയുന്നത്. ഇനി ഇദ്ദേഹത്തിന് എന്നാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയുക എന്നത് സംബന്ധിച്ചും വ്യക്തതയില്ല. കഴിഞ്ഞ ജൂലൈ 22നാണ് ജേസണ്‍ റസയ്യന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ജേസണ്‍ റസയ്യന്റെ തടവ് രണ്ട് മാസം നീണ്ടുനില്‍ക്കുമെന്നാണ് കഴിഞ്ഞ ആഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നത്.
സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ കെറി, ഈ കേസ് കൈകാര്യം ചെയ്ത രീതിയില്‍ നിരാശയും പ്രകടിപ്പിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ച് മോചിപ്പിക്കണമെന്ന് കെറി ഇറാനോട് അഭ്യര്‍ഥിച്ചു. അഭിഭാഷകനെ സമീപിക്കാന്‍ അനുവദിക്കാത്ത ഇറാന്റെ നയം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും കെറി ചൂണ്ടിക്കാട്ടി.