നികുതി വെട്ടിച്ച് ടൂറിസ്റ്റ് ബസുകളില്‍ അനധികൃത കടത്ത്

Posted on: December 8, 2014 12:28 am | Last updated: December 8, 2014 at 1:29 pm

കോഴിക്കോട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് നികുതിവെട്ടിച്ച് ജില്ലയിലേക്ക് സാധനങ്ങള്‍ കടത്തുന്നത് വ്യാപകമാകുന്നു. ഇത് സംബന്ധിച്ച് കര്‍ശന പരിശോധന നടത്താത്തതാണ് അനധികൃത കടത്ത് വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ജില്ലയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലേക്കാണ് ടൂറിസ്റ്റ് ബസുകളിലും മറ്റുമായി സാധനങ്ങള്‍ എത്തിക്കുന്നത്.
ബംഗളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് യാത്രക്കാരുമായി പ്രതിദിനം നിരവധി ബസുകളാണ് കോഴിക്കോട്ടെത്തുന്നത്. വോള്‍വോ ഉള്‍പ്പെടെയുള്ള ആഡംബര ബസുകളുടെ അറകളിലും മറ്റുമായി വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങള്‍ കടത്തുന്നത് പതിവാണ്. നികുതി വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പല ട്രാവല്‍ ഏജന്‍സികളും നേരിട്ട് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഇത്തരം അനധികൃത കടത്ത് കണ്ടെത്താന്‍ മുമ്പ് വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പും വിജിലന്‍സും പരിശോധന നടത്തിയിരുന്നു. എന്നാല്‍ രാത്രിയും പുലര്‍ച്ചെയുമായെത്തുന്ന ബസുകളില്‍ പരിശോധന നടത്താന്‍ ഇപ്പോള്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വിവിധതരം മെഷീനുകള്‍, പമ്പ് സെറ്റുകള്‍, മോട്ടോറുകള്‍, തേയില, തുടങ്ങിയ സാധനങ്ങളാണ് കൂടുതലായും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കേരളത്തിലെത്തിക്കുന്നത്.
നികുതി വകുപ്പും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കേരളത്തിലെ ബീവ്‌റേജുകളും ബാറുകളും അവധിയായതിനാല്‍ ഈ ദിവസങ്ങളില്‍ മദ്യവും വ്യാപകമായി കൊണ്ടുവരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താനും ഇത്തരം ടൂറിസ്റ്റ് ബസുകള്‍ ഉപയോഗപ്പെടുത്തുന്നതായി വിവരമുണ്ട്.