പുതിയ വേഗം തേടി…

Posted on: December 8, 2014 6:15 am | Last updated: December 8, 2014 at 1:17 pm

58th keral state school athletics championship logeതിരുവനന്തപുരം: റെക്കോര്‍ഡുകളുടെ കണക്ക് പുസ്തകത്തില്‍ പുതിയ ഇടം കണ്ടെത്താന്‍ ഇന്ന് മുതല്‍ ട്രാക്കിലേക്ക് ഇറങ്ങുന്നത് 2,557 കായിക താരങ്ങള്‍. ഇനി നാല് ദിനം തിരുവനന്തപുരത്ത് കായിക കേരളം പുതിയ വേഗം കുറിക്കും. പ്രതിഷേധം അലങ്കോലമാക്കിയ ജില്ലാ മേളകള്‍ ഒരുവിധം പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയുന്നത്. ഓരോ ജില്ലകളില്‍ നിന്നും 200 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പഴുതടച്ച ഒരുക്കങ്ങളാണ് മേളക്കായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി 12 കമ്മിറ്റികളുണ്ട്. ജനപ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര് ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 14 ജില്ലകളില്‍ നിന്നും ഈ വിഭാഗങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ 1350 ആണ്‍കുട്ടികളും 1207 പെണ്‍കുട്ടികളും അടക്കം 2557 കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക് താമസത്തിനായി എല്‍ എന്‍ സി പി ഇക്ക് സമീപത്തുള്ള സ്‌കൂളുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. തുണ്ടത്തില്‍ സ്‌കൂള്‍, കാര്യവട്ടം എല്‍ പി എസ്, കാട്ടായിക്കോണം സ്‌കൂള്‍, കണിയാപുരം സ്‌കൂള്‍, ചേങ്കോട്ടുകോണം സ്‌കൂള്‍ എന്നിവയും നഗരത്തിലെ എസ് എം വി സ്‌കൂളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താമസ സ്ഥലങ്ങളില്‍നിന്ന് മത്സര വേദികളിലേക്കെത്താന്‍ കുട്ടികള്‍ക്ക് വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ എന്‍ സി പിക്ക് അടുത്തുള്ള തുണ്ടത്തില്‍ മാധവ വിലാസം സ്‌കൂളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. മേളയിലെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം മോഹന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ്. ഇന്നലത്തെ അത്താഴം മുതലാണ് ഭക്ഷണത്തിന് തുടക്കം കുറിച്ചത്. കായിക മേള ആയതിനാല്‍ കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്താന്‍ മാംസാഹാരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരത്തെ ഭക്ഷണത്തിലാണ് ഇറച്ചി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രഭാത ഭക്ഷണത്തില്‍ പാല്‍, പഴം, മുട്ട എന്നിവയും ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയുമാണ് ഒരുക്കുന്നത്. ഒരു ദിവസം പായസവും ഉണ്ടാകും. മൂന്ന് നേരവും ഭക്ഷണവേദിയിലേക്കുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ദിവസമായ വ്യാഴാഴ്ച വൈകുന്നേരത്തെ ഭക്ഷണവും കൂടി നല്‍കിയായിരിക്കും ഭക്ഷണം അവസാനിപ്പിക്കുക. മറ്റ് ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഇത് പാഴ്‌സലായി നല്‍കും.
കായിക മേളക്ക് മുന്നോടിയായുള്ള ദീപശിഖാ റാലിക്ക് തലസ്ഥാനം ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ശനിയാഴ്ച ജില്ലയിലെത്തിയ റാലിക്ക് വിവിധയിടങ്ങളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. എസ് എം വി സ്‌കൂളിലാണ് ഔദ്യോഗിക സ്വീകരണം നടന്നത്. കഴിഞ്ഞവര്‍ഷം മേള നടന്ന എറണാകുളത്തുനിന്ന് ബുധനാഴ്ചയായിരുന്നു റാലി യാത്രതിരിച്ചത്. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ വേഴാമ്പല്‍ അമ്മുവും റാലിക്കൊപ്പം ഉണ്ടായിരുന്നു.