Connect with us

Kerala

വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കുഞ്ഞോം വനത്തില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല. വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള പോലീസിന്റെ സായുധ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ചാപ്പ കോളനിയില്‍ നിന്ന് അരക്കിലോമീറ്ററോളം മാറി വനത്തിനുള്ളിലെ വലിയൊരു പാറക്കെട്ടിന് മുകള്‍ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് എത്തിയപ്പോഴാണ് താഴ്ഭാഗത്ത് നിന്ന് വെടിവെച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു ആക്രമണം.

പോലീസിന് നേരെ മാവോയിസ്റ്റുകള്‍ മൂന്ന് റൗണ്ട് വെടി ഉതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. പോലീസ് പത്ത് റൗണ്ട് വെടിവെച്ചു. തിങ്ങിനിറഞ്ഞ മരങ്ങളും പുല്‍ക്കാടുകളും ഉള്ളതിനാല്‍ പോലീസിന് മാവോയിസ്റ്റുകളെ കാണാനോ എത്ര പേരുണ്ടെന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല. വനത്തോട് ചേര്‍ന്ന കുഞ്ഞോം ചാപ്പ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്താറുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ കോളനി പോലീസ് നിരീക്ഷണത്തിലായിരുന്നു. ചാപ്പ കോളനിക്ക് സമീപം വരെയെത്തുന്ന റിസര്‍വ് വനത്തിന്റെ ഒരതിര്‍ത്തി കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട പക്രന്തളം ചുരവും വേറൊരു ഭാഗം പേര്യ ചന്ദനത്തോടും മറ്റൊരു അതിര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട നെടുമ്പൊയില്‍ വനവുമാണ്. കുന്നും മലകളും നിറഞ്ഞതാണ് ഈ വനപ്രദേശം.
തണ്ടര്‍ബോള്‍ട്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈ വനത്തിന്റെ എല്ലാ അതിര്‍ത്തികളിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വയനാട് എസ് പി പുട്ടവിമലാദിത്യ, മാനന്തവാടി ഡി വൈ എസ് പി ജീവാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഭാഗത്തെ വനാതിര്‍ത്തിയില്‍ പോലീസ് നിരീക്ഷണം. കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സായുധ പോലീസും വനാതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്.
നെടുമ്പൊയില്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ പതിവായി ക്യാമ്പ് ചെയ്യുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനാതിര്‍ത്തികളും അതിനോട് ചേര്‍ന്ന ആദിവാസി കോളനികളും പോലീസ് നിരീക്ഷണത്തിലായിരുന്നു. രാത്രികാലങ്ങളില്‍ വനാന്തര്‍ ഭാഗത്ത് നിന്ന് സായുധരായ മാവോയിസ്റ്റുകള്‍ ആദിവാസി കോളനികളില്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിന് ഈ വനത്തിന്റെ തുടര്‍ച്ചയായി കിടക്കുന്ന തിരുനെല്ലിയിലെത്തിയ മാവോയിസ്റ്റ് സംഘം ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തിരുന്നു. ആദിവാസി ഭൂമി കൈയേറി റിസോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനെതിരെ താക്കീതായി പോസ്റ്ററുകളും പതിച്ചിരുന്നു. ആറ് മാസം മുമ്പ് പോലീസ് കോണ്‍സ്റ്റബിള്‍ പ്രമോദിന്റെ വീട്ടിലെത്തി പോസ്റ്റര്‍ പതിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് മാവോയിസ്റ്റുകളുടെതായി പത്രങ്ങള്‍ക്ക് ലഭിച്ച പ്രസ്താവനയില്‍ റിസോര്‍ട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം സി പി ഐ (എം എല്‍- മാവോയിസ്റ്റ്) എന്ന സംഘടന ഏറ്റെടുത്തിരുന്നു.
തമിഴ്‌നാട്ടില്‍ ഉള്‍പ്പെട്ട മുതുമല, കര്‍ണാടകയില്‍ ഉള്‍പ്പെട്ട ബന്ദിപ്പൂര്‍, ബ്രഹ്മഗിരി, കേരളത്തിലെ വയനാട് വന്യജീവി സങ്കേതം എന്നിവ ചേര്‍ന്ന നീലഗിരി ജൈവമണ്ഡലം തുടര്‍ച്ചയായി കിടക്കുന്ന വനപ്രദേശമാണ്. തമിഴ്‌നാട്ടിലെ മുതുമല വനത്തിലും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയിലുമാണ് കുപ്രസിദ്ധ കുറ്റവാളി വീരപ്പനും കൂട്ടരും പതിറ്റാണ്ടുകളോളം സൈ്വരവിഹാരം നടത്തിയിരുന്നത്. മുതുമല വനത്തില്‍ വെച്ചാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവെച്ച് കൊന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കുഞ്ഞോം ഭാഗത്ത് രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

Latest