Connect with us

Palakkad

ദേശീയപാത വികസനം മൂന്ന് കുടുംബങ്ങളുടെ ഭവനനിര്‍മാണ സ്വപ്‌നം പൊലിഞ്ഞു

Published

|

Last Updated

ആലത്തൂര്‍: ദേശീയപാത വികസനം ഇരട്ടക്കുളത്ത് മൂന്ന് കുടുംബത്തിന്റെ ഭവനനിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങു തടിയായി. ഉസനാര്‍, വേലായുധന്‍, ഹാജിറമൊയ്തീന്‍ എന്നിവരാണ് ദുരിതത്തിലായത്.
ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്തതോടെ ഇവരുടെ വീടുകള്‍ പൊളിച്ചുനീക്കി. ശേഷിച്ചസ്ഥലം പാതയില്‍ നിന്ന് ഏറെ ഉയരത്തിലായി. മണ്ണെടുക്കാന്‍ സമ്മതിക്കയാണെങ്കില്‍ വീടുപണിയാനുള്ള സ്ഥലം പാത നിരപ്പിലാക്കിത്തരാമെന്ന് ദേശീയപാതയുടെ പണിസ്ഥലത്തെ സൂപ്പര്‍വൈസര്‍മാര്‍ വാഗ്ദാനംചെയ്തു. ഇവര്‍ അത് സമ്മതിക്കുകയും ചെയ്തു.
ഒരുവര്‍ഷം മുമ്പ് മണ്ണെടുപ്പ് തുടങ്ങി. പാറയായതോടെ ദേശീയപാതാ കരാറുകാര്‍ മണ്ണെടുപ്പ് നിര്‍ത്തി. മലയാളം അറിയാത്ത കരാര്‍കമ്പനി ജീവനക്കാരുമായി ഇവര്‍ നടത്തിയ ആശയവിനിമയം ഫലപ്രദമായില്ല. വീട് നഷ്ടപ്പെട്ടതോടെ വാടക വീട്ടിലും ബന്ധുവീട്ടിലുമായാണ് ഇവര്‍ കഴിയുന്നത്.
ഉണ്ടായിരുന്ന വീട് നഷ്ടമായി. സ്ഥലം വീടുപണിയാന്‍ കഴിയാത്തവിധം നിരപ്പില്ലാതെയുമായി. സ്വന്തംനിലയില്‍ തറ നിരപ്പാക്കി വീടുപണിയാമെന്നുവെച്ചാല്‍ നഷ്ടപ്പെട്ട വീടിനുകിട്ടിയ നഷ്ടപരിഹാരംപോലും ഇതിന് മതിയാവില്ല.
ദേശീയപാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ വശങ്ങളിലെ പാത നേരേയാകുന്നതിനൊപ്പം ഇവരുടെ ഭൂമി നേരേയാക്കി നല്‍കുമെന്നാണ് കരാര്‍കമ്പനി അധികാരികള്‍ വിശദീകരിക്കുന്നത്. സ്വാധീനംചെലുത്താന്‍ ആരുമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ കളക്ടര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ്.

Latest