Connect with us

Kerala

കരവിരുതിന്റെ ചാരുതയില്‍ നിര്‍മിക്കുന്നത് കമനീയ കളിമണ്‍ പാത്രങ്ങള്‍

Published

|

Last Updated

കൊല്ലം: നിര്‍മാണത്തിലെ തനിമ നിലനിര്‍ത്തി വൈവിധ്യങ്ങളായ കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമാവുകയാണ് മലപ്പുറം നിലമ്പൂരിലെ കുടുംബശ്രീ സ്വയം സഹായ സംഘം. സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍ തൊഴിലാളികള്‍ രൂപപ്പെടുത്തിയെടുക്കുന്നത് കമനീയമാര്‍ന്ന കളിമണ്‍ പാത്രങ്ങള്‍. നിലമ്പൂരിലെ പരമ്പരാഗത കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാര സമുദായത്തില്‍ പെട്ടവരാണ് അത്യാകര്‍ഷകങ്ങളായ കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ് കുംഭാര സമുദായം.് ഇവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഇന്നലെ കൊല്ലം വൈ എം സി എ ഹാളില്‍ ആരംഭിച്ചു.

പരമ്പരാഗത കളിമണ്‍ തൊഴില്‍ ചെയ്യുന്ന അമ്പത് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സ്വയം സഹായ സംഘം രൂപവത്കരിച്ചിട്ടുള്ളത്. പരമ്പരാഗതമായ ഈ തൊഴില്‍ മേഖല അന്യം നിന്നുപോകരുതെന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് സംഘം ഭാരവാഹികള്‍ സിറാജിനോട് പറഞ്ഞു. 150ല്‍പ്പരം ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കറിച്ചട്ടികള്‍, കൂജകള്‍, മാജിക് കൂജ, ജഗ്, മഗ്, കപ്പ്, ഗ്ലാസ്, തൈര് പാത്രം തുടങ്ങിയവയും അലങ്കാര ഉത്പന്നങ്ങളായ കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്റ്, പെന്‍ ഹോള്‍ഡര്‍, നിലവിളക്ക്, ഗണപതി ഗാര്‍ഡന്‍ ലാമ്പ്, ഗാര്‍ഡന്‍ ജാര്‍, ബേര്‍ഡ് ബാത്ത്, മാസ്‌കുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. ഗ്യാസ് സ്റ്റൗവിലും മൈക്രോവേവിലും ഉപയോഗിക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ ഇല്ലാത്ത കറിച്ചട്ടികളും പ്രദര്‍ശനത്തിലുണ്ട്. വെള്ളം തണുപ്പിക്കാന്‍ പല തരം കൂജകള്‍, ചുമരുകള്‍ക്ക് ഭംഗിയേകാന്‍ ടെറാക്കോട്ട മ്യൂറല്‍സ് ( ചുമര്‍ ചിത്രങ്ങള്‍), സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. . യന്ത്രങ്ങളുടെ സഹായമില്ലാതെ കൈ കൊണ്ട് ഉരസിയാണ് പാത്രങ്ങള്‍ ആകര്‍ഷകമാക്കിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ഒമ്പതിന് സമാപിക്കുമെന്നും കുടുംബശ്രീ സ്വയം സഹായസംഘം സെക്രട്ടറി വിജയകുമാരി, നാരായണന്‍ എന്നിവര്‍ അറിയിച്ചു.
ഇവരുടെ കുലത്തൊഴിലാണ് കളിമണ്‍ പാത്ര നിര്‍മാണം. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം, പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അജ്ഞത, പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരാത്ത അവസ്ഥ എന്നിവയാണ് ഈ മേഖലയുടെ തകര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍് അന്യമായിക്കൊണ്ടിരിക്കുന്ന കളിമണ്‍ പാത്ര നിര്‍മാണ മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കളിമണ്‍ പാത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തിവരുന്നതെന്ന് വിജയകുമാരി പറഞ്ഞു. അടുത്ത പ്രദര്‍ശനം എറണാകുളം ജില്ലയിലാണ്.