ആശാ വര്‍ക്കര്‍മാരുടെ ദുരിതം തീരുന്നില്ല; സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരം

Posted on: December 7, 2014 9:06 am | Last updated: December 7, 2014 at 9:06 am

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം ജനസംഖ്യക്ക് ഒരു ആശവര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു.
ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഓണറേറിയവും ഇന്‍സെന്റീവുകളും ഓരോന്നായി പിന്‍വലിച്ച സാഹചര്യത്തില്‍ ഡിസംബര്‍ എട്ട് മുതല്‍ ആശാവര്‍ക്കര്‍മാര്‍ അനിശ്ചിതകാല രാപകല്‍ സമരം നടത്തും. ഓരോ ഗ്രാമത്തിലും പരിശീലനം സിദ്ധിച്ച സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അക്രഡിറ്റേഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് (ആശ) നാടിന്റെ നാനാമേഖലയില്‍ നിയോഗിക്കപ്പെട്ടത്. രാജ്യത്ത് നിലവില്‍ 8,70089 ആശമാരും കേരളത്തില്‍ മാത്രം 28,944ഉം പേരുമുണ്ട്. ആരോഗ്യവിദ്യാഭ്യാസം നല്‍കുകയെന്നതാണ് പരിശീലനം കഴിഞ്ഞ ആശമാരുടെ മുഖ്യ ചുമതല. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചെടുക്കുക, കുട്ടികളെ അതാതുഘട്ടത്തില്‍ ക്ലിനിക്കുകളില്‍ എത്തിക്കുക, കുടുംബാസൂത്രണം സംബന്ധിക്കുന്ന അവബോധം നല്‍കുക, ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആശുപത്രികളുടെ സഹായം നേടിക്കൊടുക്കുക തുടങ്ങി അതീവഗൗരവമുള്ള ചുമതലകളാണ് ഇവര്‍ ഏറ്റെടുക്കുന്നത്.
ഇത്രയും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ആശമാര്‍ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 700 രൂപ ഓണറേറിയം ലഭിച്ച ഇവര്‍ക്ക് 2014ലെ ബജറ്റില്‍ ഓണറേറിയം ആയിരം രൂപയാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി വര്‍ധിപ്പിച്ച ഓണറേറിയം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ആശാവര്‍ക്കര്‍മാരുടെ ഓരോ പ്രവൃത്തിയും റിപ്പോര്‍ട്ടാക്കി റിവ്യുമീറ്റിംഗില്‍ സമര്‍പ്പിക്കണം. എന്നാല്‍ അസുഖമോ മറ്റ് എന്തെങ്കിലും അത്യാവശ്യമോ കാരണം കൊണ്ട് ആശാവര്‍ക്കര്‍മാര്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കില്‍ ഓണറേറിയം ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാത്രമല്ല ഒരു ആശാവര്‍ക്കര്‍ അഞ്ച് കുട്ടികളെ ഇമ്മ്യൂണൈസേഷന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് കൊടുത്തില്ലെങ്കിലും ഓണറേറിയം ലഭിക്കില്ലെന്നാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. ഇത് പോലെ ചൈല്‍ഡ് ട്രാക്ക്, മദര്‍ ട്രാക്ക് എന്നീ വകയില്‍ ലഭിച്ചിരുന്ന തുകയും നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നില്ല. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് കിടപ്പിലായ രോഗികളുടെ അടുത്ത് മൂന്ന് ദിവസം സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിനും തുക അനുവദിച്ചിരുന്നു.
അതും ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആക്ഷേപം. മുമ്പ് ആഴ്ചയില്‍ നാല് ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ആശാവര്‍ക്കര്‍മാര്‍ ജോലി ചെയ്താല്‍ മതിയെങ്കിലും നിലവില്‍ 12 മണിക്കൂര്‍ നിര്‍ബന്ധമായും ജോലിയെടുക്കണം. ഇത് കാരണം മറ്റൊരു ജോലി ചെയ്യാനാകുന്നുമില്ല. ചെയ്യുന്ന പ്രവൃത്തിക്ക് മതിയായ വേതനം ലഭിക്കാതെ ആശാവര്‍ക്കര്‍മാര്‍ ഏറെ ദുരിതം അനുഭവിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശമാര്‍ എട്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍സമരം നടത്തുന്നതെന്നും ആശാ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളായ വി വി പ്രീത, സെക്രട്ടറി രജനി മോഹന്‍, എന്‍ ശ്രീജ, പി സുജയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.