ഡയറക്ടറുടെ സര്‍ക്കുലറിനെതിരെ അധ്യാപക സംഘടനകള്‍

Posted on: December 7, 2014 8:00 am | Last updated: December 7, 2014 at 9:03 am

പാലക്കാട്: അധ്യാപക പുനഃക്രമീകരണ ഉത്തരവുകള്‍ ഉടനടി നടപ്പാക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിനെതിരെ അധ്യാപക സംഘടനകള്‍. അധ്യാപക പുനക്രമീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാനും ഉത്തരവ് നടപ്പാക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിനെതിരെയാണ് അധ്യാപക സംഘടനകള്‍ അമര്‍ഷം രേഖപ്പെടുത്തുന്നത്. അധ്യാപക പുനഃക്രമീകരണം സംബന്ധിച്ച് സര്‍ക്കാറിന്റെ അന്തിമ ഉത്തരവ് പുറത്തിറങ്ങും മുമ്പ് സര്‍ക്കുലര്‍ ഇറക്കിയ ഡി പി ഐയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
എല്‍ പി സ്‌കൂളുകളില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലും, അഞ്ച് മുതല്‍ 10 വരെയുളള ക്ലാസുകളില്‍ 35 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലും അധ്യാപക പുനഃക്രമീകരണം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ 45 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ പുനഃക്രമീകരണം പൂര്‍ത്തിയാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിന്റെ പകര്‍പ്പാണിത്. അധ്യാപക പുനര്‍വിന്യാസം സംബന്ധിച്ച് സര്‍ക്കാറിന്റെ അന്തിമ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ കാത്തിരുന്നാല്‍ നടക്കാനിരിക്കുന്ന പരീക്ഷകളെ പ്രതികൂലമായി ബാധിക്കുമെന്നും ഇനിയും വിടുതല്‍ ചെയ്യാത്ത അധ്യാപകരെ നിലനിര്‍ത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ചില സ്‌കൂളുകളില്‍ അധികം അധ്യാപകര്‍ നിലനില്‍ക്കുകയും അതേസമയം മറ്റ് ചില സ്‌കൂളുകളില്‍ ഒഴിവ് നികത്തപ്പെടാതെ നില്‍ക്കുന്നതും വിദ്യാഭ്യാസ വകുപ്പിന് നാണക്കേടാണെന്നും സര്‍ക്കുലറില്‍ പറയുന്നു. അധ്യാപക പുനഃക്രമീകരണം പൂര്‍ത്തിയാക്കാത്ത ഒരു വിദ്യാലയം പോലും ഉണ്ടാകരുതെന്നാണ് ഡയറക്ടറുടെ നിര്‍ദേശം. എന്നാല്‍ ഈ പുനഃക്രമീകരണം അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ അധ്യാപകരെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സ്‌കൂള്‍ കലോത്സവം ബഹിഷ്‌കരിക്കുന്ന കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ അധ്യാപക സംഘടനകള്‍ തീരുമാനിച്ചത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കലോത്സവം ബഹിഷ്‌കരിക്കുമെന്നാണ് ഭരണ, പ്രതിപക്ഷഭേദമന്യേ അധ്യാപക സംഘടനകള്‍ പറയുന്നത്.
അധ്യാപക പുനഃക്രമീകരണം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പുനഃക്രമീകരണ നടപടികള്‍ താത്കാലികമായി മരവിപ്പിക്കാന്‍ കഴിഞ്ഞ മാസം 22ന് ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോനിറ്ററിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. വിവിധ അധ്യാപക സംഘടനകള്‍ ഐകകണ്‌ഠ്യേനയാണ് പുനഃക്രമീകരണം മരവിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തത്. നേരത്തെ കായിക അധ്യാപകരായി ഭാഷാധ്യാപകരെ നിയമിക്കുമെന്ന ഉത്തരവിനെതുടര്‍ന്ന് ജില്ലാതലത്തില്‍ കായികമേള അലങ്കോലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ അധ്യാപക പുനഃക്രമീകരണത്തെ തുടര്‍ന്നുണ്ടായ വിവാദവും വിദ്യാഭ്യാസ വകുപ്പിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.