അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ്‌

Posted on: December 6, 2014 3:17 pm | Last updated: December 6, 2014 at 3:17 pm

നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലെ ടോയ്്‌ലെറ്റുകള്‍ അടച്ചുപൂട്ടി. നൂറുകണക്കിന് കുരുന്നുകളും ബന്ധുക്കളും ദുരിതത്തിലായി. അഞ്ചുദിവസമായി ടോയ്‌ലെറ്റ് അടഞ്ഞു കിടക്കുകയാണെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ആകെ മൂന്ന് ടൊയ്‌ലെറ്റുകളാണ് കുട്ടികളുടെ വാര്‍ഡില്‍ ഉള്ളത്. ഇതില്‍ രണ്ടു ടൊയ്‌ലെറ്റുകളും അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ക്ലോസറ്റ് അടഞ്ഞതുമൂലമാണ് തുറന്നു കൊടുക്കാതിരുന്നതെന്നാണ് അധികൃതരുടെ വാദം. വയറിളക്കം, പനി, ചുമ, ന്യുമോണിയ തുടങ്ങി അസുഖങ്ങളാല്‍ നില്ക്കാന്‍ പോലും ഇടമില്ലാതെ രോഗികളായ കുട്ടികളും ഇവരുടെ ബന്ധുക്കളും വലയുകയാണ്. വാര്‍ഡിലെ മൂന്ന് ഫാനുകളും പ്രവര്‍ത്തിക്കുന്നില്ല. വേണ്ടത്ര നഴ്‌സുമാരും കുട്ടികളുടെ വാര്‍ഡില്‍ നിയോഗിച്ചിട്ടില്ല. വയറിളക്കവുമായി കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ രക്ഷിതാക്കള്‍ വലയുകയാണ്.
പകര്‍ച്ചപനി ഉള്‍പ്പെടെയുള്ള രോഗികളുണ്ടായിട്ടും വേണ്ടത്ര സൗകര്യങ്ങളൊരുക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഇവിടം ചികിത്സയിലുണ്ട്. അതേസമയം ടോയ്‌ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിെല്ലന്നും ടോയ്‌ലെറ്റുകള്‍ ദിവസേന ശുചീകരിക്കുന്നത് കുട്ടികളുടെ വാര്‍ഡില്‍ ഒരാളെ പുതിയതായി നിയമിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് ഡോ.സീമാമു പറഞ്ഞു. കുട്ടികളുടെ സാനിറ്ററി പാഡുകളും മറ്റും ക്ലോസറ്റില്‍ വലിച്ചെറിയുന്നതിനാലാണ് ഇത്തരത്തില്‍ ടോയ്‌ലെറ്റുകള്‍ അടച്ചിടാന്‍ ഇടയാക്കിയതെന്നും സൂപ്രണ്ട് പറഞ്ഞു. വരുംദിവസങ്ങളില്‍ ടോയ്‌ലെറ്റുകള്‍ തുറന്നു നല്കാത്തപക്ഷം സൂപ്രണ്ടിനെ ഉപരോധിക്കുമെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.