Connect with us

Malappuram

പ്രഖ്യാപനത്തിലൊതുങ്ങി മങ്കട താലൂക്ക് ആശുപത്രി

Published

|

Last Updated

മങ്കട: മങ്കട താലൂക്കാശുപത്രി പ്രഖ്യാപനം കഴിഞ്ഞെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും സംവിധാനങ്ങളായില്ല. സംസ്ഥാനത്ത് താലൂക്ക് ആശുപത്രികള്‍ കാഷ്വാലിറ്റി സംവിധാനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെങ്കിലും മങ്കടയില്‍ ഇപ്പോള്‍ ഒന്‍പത് മണി മുതല്‍ ഒരു മണി വരെ മാത്രമേ പ്രവര്‍ത്തി ഉണ്ടാകൂ. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന ഉപകാരം മാത്രമാണ് നാട്ടുകാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.
പുതിയ ഒ പി ബ്ലോക്ക് നിര്‍മാണത്തിന് അടച്ചിട്ട പുരുഷ വാര്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് പെയ്ന്റിംഗ് നടത്തി തുറന്നെങ്കിലും ഇപ്പോഴും സ്ത്രീകളുടെ വാര്‍ഡില്‍ തന്നെയാണ് പുരുഷന്‍മാരെയും കിടത്തുന്നത്.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി സ്റ്റാഫ് പാറ്റേണ്‍ ഈ ആശുപത്രിക്ക് അനുവദിച്ച് കിട്ടിയിരുന്നെങ്കിലും കുട്ടികളുടെ ഒരു സ്‌പെഷ്യലിസ്റ്റ് മാത്രമാണ് ഡോക്ടറായി ചാര്‍ജെടുത്തത്. ഇവിടേക്ക് വരുന്ന മെഡിക്കല്‍ ഓഫീസര്‍മാരാവട്ടെ വരുന്നതിന് മുമ്പ് പുതിയ സെന്റര്‍ തേടി പോവുകയാണ്. ഇപ്പോള്‍ അരീക്കോട്ടുകാരനായ മെഡിക്കല്‍ ഓഫീസര്‍ കഴിഞ്ഞ മാസം ഇവിടെ ചാര്‍ജെടുത്തിട്ടുണ്ട്. ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയിലെ ഡോക്ടര്‍മാരെ നിയമിച്ചാണ് ഇപ്പോള്‍ ഇവിടെ ഒ പി മാത്രമായി പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഒ പി ബ്ലോക്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഒ പി ബ്ലോക്കിനാവശ്യമായ സംവിധാനങ്ങളായിട്ടില്ല. നിലവില്‍ നാട്ടുകാരനായ ഒരു ഡോക്ടറെ വെച്ചാണ് ഐ പി പ്രവര്‍ത്തിക്കുന്നത്.
ഒരു മണിക്ക് ശേഷം ഐ പി രോഗികള്‍ക്കും ഈയൊരു ഡോകടര്‍ മാത്രമാണ് ആശ്രയം. ഇതിനാല്‍ ഈ ഡോക്ടര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ആശുപത്രിക്ക് വേണ്ടി എം എല്‍ എ ഫണ്ട് ഉപയോഗിച്ച് പുതിയ ഐ പി ബ്ലോക്കിന് തറക്കല്ലിട്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ പണി ആരംഭിച്ചിട്ടില്ല. ഈ ബ്ലോക്ക് നിലവില്‍ വരാന്‍ ഇനിയും വര്‍ഷങ്ങള്‍ മങ്കടക്കാര്‍ കാത്തിരിക്കേണ്ടി വരും. അടുത്ത മാര്‍ച്ച് വരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കെ മങ്കട ആശുപത്രിയുടെ ഉയര്‍ച്ചയില്‍ നാട്ടുകാര്‍ ഏറെ നിരാശയിലാണ്.

Latest