മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല: വി എം സുധീരന്‍

Posted on: December 6, 2014 12:02 am | Last updated: December 6, 2014 at 12:02 am

VM-SUDHEERAN-308x192തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഇത്തരക്കാരുടെ മുമ്പില്‍ മുട്ടുമടക്കില്ലെന്നും മദ്യനയവുമായി മുമ്പോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ച ജനപക്ഷ യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയം നടപ്പാക്കുകയെന്നത് യു ഡി എഫിന്റെ ഉറച്ച തീരുമാനമാണ്. കോടതി ഇടപെടലുകള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജനങ്ങളെ ദ്രോഹിച്ചുണ്ടാക്കുന്ന പണം വേണ്ടെന്ന നിലപാട് ആര്‍ജവത്തോടെ സ്വീകരിക്കണം.
418 ബാറുകള്‍ക്ക് നിലവാരമില്ലെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയ ഇടതുപക്ഷ സര്‍ക്കാരാണ് 731 ബാറുകള്‍ പൂട്ടിയ യു ഡി എഫ് നിലപാടിനെ വിമര്‍ശിക്കുന്നത്. ആരോപണം ഉന്നയിച്ച ബാറുടമകള്‍ക്ക് പോലും വിശ്വാസമില്ലാത്ത പ്രശ്‌നവും പൊക്കിപ്പിടിച്ചാണ് ഇടതുപക്ഷം സമരം നടത്തുന്നത്. ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്ന് കാണിച്ച് ഹൈക്കോടതി തന്നെ കേസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബാറുടമകളുടെ വാദം ഉള്‍ക്കൊണ്ട ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
മദ്യനയത്തെ ആദ്യം അംഗീകരിച്ച പിണറായി വിജയന്റെ നിലപാട് മാറ്റം എന്തുകൊണ്ടെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.