Connect with us

Kerala

മാലദ്വീപില്‍ കുടിവെള്ള ക്ഷാമം; തിരുവനന്തപുരത്ത് നിന്ന് വെള്ളമെത്തിച്ചു

Published

|

Last Updated

തിരുവനന്തപുരം: കുടിവെള്ള പ്ലാന്റ് കേടായതിനെത്തുടര്‍ന്ന് കുടിവെള്ളം മുട്ടിയ മാലിയിലേക്ക് ഇന്ത്യന്‍ വ്യോമസേന വെള്ളമെത്തിച്ചു. തിരുവനന്തപുരത്തു നിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് മാലിയിലേക്ക് വെള്ളം കൊണ്ടു പോയത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മാലി സമീപ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും ഇതേത്തുടര്‍ന്ന് മാലദ്വീപിന് വെള്ളം നല്‍കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭൂമിശാസ്ത്രപരമായി മാലദ്വീപുമായി ഏറ്റവും അടുത്തു കിടക്കുന്ന തിരുവനന്തപുരം എയര്‍ബേസില്‍ നിന്ന് വെള്ളമെത്തിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 22 ടണ്‍ വെള്ളവുമായി ഇന്നലെ ഉച്ചക്ക് ഒന്നിനുശേഷം വ്യോമസേനയുടെ ഐ എല്‍ 76 വിമാനം മാലിയിലേക്കു പറന്നു. വിമാനത്തിന്റെ ക്രൂ ഉള്‍പ്പെടെ പന്ത്രണ്ടോളം വ്യോമസേനാംഗങ്ങളും ഒപ്പം പോയിട്ടുണ്ട്. ശുദ്ധജലം ലഭ്യമല്ലാത്ത മാലിയില്‍ ഉപ്പുവെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് കേടായതിനെ തുടര്‍ന്ന് രണ്ട് ദിവസമായി മാലിയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇവിടെ നിന്ന് വെളളം കൊണ്ടു പോയത്. കഴിഞ്ഞ മാസം കാഠ്മണ്ഡുവില്‍ ചേര്‍ന്ന സാര്‍ക്ക് ഉച്ചകോടിയില്‍ മാലദ്വീപ് കാലാവസ്ഥാ വ്യതിയാനം കാരണം തങ്ങള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തെക്കുറിച്ചും ജലത്തിന്റെ ലവണാംശം കൂടുന്നതിനെക്കുറിച്ചും സാര്‍ക്ക് രാജ്യങ്ങള്‍ ഗൗരവമായി ചിന്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Latest