നാഷനല്‍ അഗ്രിഫെസ്റ്റിന് വയനാട് ഒരുങ്ങുന്നു

Posted on: December 6, 2014 4:37 am | Last updated: December 5, 2014 at 11:38 pm

കല്‍പ്പറ്റ: കൃഷിവകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നാഷനല്‍ അഗ്രിഫെസ്റ്റിന് വയനാട് ഒരുങ്ങിത്തുടങ്ങി. ഈ മാസം 19 മുതല്‍ 26 വരെ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനത്താണ് അഗ്രിഫെസ്റ്റ് നടക്കുന്നത്. 22 മുതല്‍ 26 വരെ കൃഷി പ്രമേയമാക്കി സംസ്ഥാനത്തെ ആദ്യത്തെ ചലച്ചിത്രമേള ‘അഗ്രി ഫിലിം ഫെസ്റ്റിവ’ലും ഇതോടനുബന്ധിച്ച് നടക്കും. 19ന് വിളംബര ജാഥയോടെ പരിപാടികള്‍ ആരംഭിക്കും. 20ന് ഘോഷയാത്രയും വൈകീട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍ , കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
‘പ്രകൃതിയിലേക്ക് മടങ്ങാം ജൈവ കൃഷിയിലൂടെ’ എന്നതാണ് നാഷനല്‍ അഗ്രിഫെസ്റ്റിന്റെ ആപ്ത വാക്യം. 2016ഓടെ കേരളം സമ്പൂര്‍ണ ജൈവ സംസ്ഥാനമായി മാറുന്നതിന് മുന്നോടിയായി ജൈവ കാര്‍ഷിക പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ദിവസവും സെമിനാര്‍, പ്രദര്‍ശനം, ടൂറിസം വകുപ്പുമായി ചേര്‍ന്ന് ടൂറിസം മേള, സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സാംസ്‌കാരിക മേള, കഫേ കുടുംബശ്രീയുമായി സഹകരിച്ച് ഫുഡ് ഫെസ്റ്റ്, മ്യൂസിയം- മൃഗശാല വകുപ്പുമായി സഹകരിച്ച് ചരിത്ര പുരാവസ്തു പ്രദര്‍ശനം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് ട്രൈബല്‍ ഫെസ്റ്റ്, ആരോഗ്യവകുപ്പുമായി സഹകരിച്ച് ക്യാന്‍സര്‍രോഗ നിര്‍ണയ മെഗാ മെഡിക്കല്‍ ക്യാമ്പ്, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍, വിക്രം സാരാഭായി സ്‌പേസ് സെന്ററുമായി സഹകരിച്ച് ടെക് ഫെസ്റ്റ്, ക്ഷീരവികസന വകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ ഡയറി ഫെസ്റ്റ്, മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ഷോ എന്നിവയും വിപണന മേള, തൈ വിതരണം എന്നിവയും കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്. അഗ്രിഫെസ്റ്റിന് മുന്നോടിയായി സ്‌കൂള്‍ തലത്തില്‍ വിവിധ മത്സരങ്ങളും കായികമേളയും നടത്തുന്നുണ്ട്. നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ച് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ വഴിയുള്ള കാര്‍ഷികാനുബന്ധ വിഷയങ്ങളിലെ പ്രചാരണവും നടത്തുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായി നാഷനല്‍ അഗ്രിഫെസ്റ്റ് ഡോട്ട് കോം എന്ന പേരില്‍ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും ഫഌക്‌സ് ഒഴിവാക്കിക്കൊണ്ടുള്ള പ്രചാരണ രീതിയാണ് നാഷനല്‍ അഗ്രിഫെസ്റ്റിന് ഉപയോഗിക്കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത, പാലുത്പാദന മേഖലയിലെ സ്വയംപര്യാപ്തത എന്നിവക്ക് ആക്കംകൂട്ടന്നതിനും കൃഷിയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നാഷനല്‍ അഗ്രിഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്.
20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാന മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍ എന്നിവര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.