ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് പിന്‍വലിച്ചു

Posted on: December 5, 2014 7:53 pm | Last updated: December 6, 2014 at 12:03 am

athletics

തിരുവനന്തപുരം: തസ്തിക നിര്‍ണയത്തില്‍ അധികമായി കണ്ടെത്തിയ ഭാഷാധ്യാപകരെ കായിക, കലാപ്രവൃത്തി പരിചയ അധ്യാപകരായി നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. തിങ്കളാഴ്ച സംസ്ഥാന സ്‌കൂള്‍ കായിക മേള തുടങ്ങാനിരിക്കെയാണ് കായികാധ്യാപകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനെതിരെ കായികധ്യാപകര്‍ പ്രതിഷേധിച്ചതിനാല്‍ ജില്ലാ സ്‌കൂള്‍ കായികമേളകള്‍ പലയിടത്തും തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന്, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ തീയതി മാറ്റേണ്ടിവന്നു. അതേസമയം, അധ്യാപക ബാങ്കിലെ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അന്തിമരൂപംനല്‍കി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. വിവിധ വകുപ്പുകളിലുള്ള ഒഴിവുകളില്‍ അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. താത്കാലിക അടിസ്ഥാനത്തിലായിരിക്കും പുനര്‍വിന്യാസം.
ഭാഷാധ്യാപകരെ കായിക അധ്യാപകരായി നിയമിക്കുന്നതു റദ്ദാക്കിക്കൊണ്ടു നേരത്തെ ഡി പി ഐയുടെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അധ്യാപകരുടെ പുനര്‍വിന്യാസം തല്‍ക്കാലത്തേക്കു നിര്‍ത്തിവെക്കാന്‍ സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചതോടെ വീണ്ടും ആശയക്കുഴപ്പമായി. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടു കായിക അധ്യാപകര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
പുനര്‍വിന്യാസം നിര്‍ത്തണമെന്നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് യോഗത്തില്‍ അധ്യാപക സംഘടനകളും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു പുനര്‍വിന്യാസ നടപടികള്‍ നിര്‍ത്തിവെക്കാമെന്നു സംഘടനകള്‍ക്കു സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ഇന്നലെ ഉത്തരവ് പുറത്തിറക്കുകയുമായിരുന്നു. ഭാഷാ അധ്യാപകരെ കായിക അധ്യാപകര്‍ അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമിക്കുന്നതിനെതിരെ അധ്യാപകര്‍ക്കിടയില്‍ ഉടലെടുത്ത പ്രതിഷേധം കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.