ശിവസേന അംഗങ്ങളെ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു

Posted on: December 5, 2014 5:51 pm | Last updated: December 5, 2014 at 11:31 pm

Fatnavisമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ മന്ത്രിസഭയില്‍ ശിവസേനയെ കൂടി ചേര്‍ന്നു. ഡിസംബര്‍ എട്ടിന് നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനാല്‍ മന്ത്രിസഭാ വികസനം ഇരു കക്ഷികള്‍ക്കും അടിയന്തര ആവശ്യമായിരുന്നു.
വിധാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനയുടെ സുഭാഷ് ദേശായി, ദിവാകര്‍ റൗത്തെ, രാമദാസ് കാദം, ഏകനാഥ് ഷിന്‍ഡെ, ദീപക് സാവന്ത് എന്നിവര്‍ക്കും ബി ജെ പിയുടെ ഗിരീഷ് ബപത്, ഗിരീഷ് മഹാജന്‍, ചന്ദ്രശേഖര്‍ ബബന്‍ കുലെ, ബാബന്‍ കുലെ, ബാബന്‍ റാവു ലോനികര്‍, രാജ്കുമാര്‍ ബഡോലെ എന്നിവര്‍ക്കും ക്യാബിനറ്റ് റാങ്കുണ്ട്.
ശിവസേനയിലെ സഞ്ജയ് റാത്തോഡ്, ദാദ ബുസെ, വിജയ് ശിവതാരെ, ദീപക് കെസാര്‍കര്‍, അമ്പരീഷ് രാജെ അത്‌റാം, രവീന്ദ്ര വയ്കര്‍ എന്നിവരും ബി ജെ പിയിലെ വിജയ് ദേശ്മുഖ്, റാം ഷിന്‍ഡെ, രണ്‍ജിത് പാട്ടീല്‍, പ്രവിണ്‍ പോട്ടെ എന്നിവരാണ് അധികാരമേറ്റ സഹമന്ത്രിമാര്‍. 287 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121ഉം, ശിവസേനക്ക് 63ഉം അംഗങ്ങളുണ്ട്. സഖ്യത്തിന് മൊത്തം184 അംഗങ്ങളുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന പ്രശ്‌നത്തില്‍ തെറ്റിപ്പിരിഞ്ഞ ബി ജെ പിയും ശിവസേനയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 25 വര്‍ഷം മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായിരുന്നു ഇരു പാര്‍ട്ടികളും. ശിവസേന ഉപ മുഖ്യമന്ത്രിപദത്തിന് വേണ്ടി പിടിവാശി പിടിച്ചപ്പോള്‍, തന്റെ മന്ത്രിസഭയില്‍ അങ്ങിനെയൊരു സംവിധാനം ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മുഖ്യമന്ത്രി ഫട്‌നാവിസും ബി ജെ പിയും. ആഭ്യന്തര മന്ത്രിപദത്തിനും ശിവസേന അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ രണ്ട് പദവികളും ശിവസേനക്ക് ബി ജെ പി കൊടുത്തില്ല.

ALSO READ  മഹാരാഷ്ട്രയില്‍ 5493 പേര്‍ക്ക് കൂടി കൊവിഡ്, ഗുജറാത്തില്‍ ഏറ്റവും വലിയ പ്രതിദിന കണക്ക്, തമിഴ്‌നാട്ടില്‍ 3940 പേര്‍ക്ക് കൂടി