ബംഗ്ലാദേശ് പെണ്‍കുട്ടിക്കെതിരായ കേസ് പിന്‍വലിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Posted on: December 5, 2014 2:15 pm | Last updated: December 5, 2014 at 2:15 pm

തൃശൂര്‍: കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശ് പെണ്‍കുട്ടിക്കെതിരെ ഫോറിനേഴ്‌സ് ആക്റ്റ്, പാസ്‌പോര്‍ട്ട് ആക്റ്റ് എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ നടപടിച്ചട്ടം 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനാണ് നിര്‍ദേശം. ഗര്‍ഭിണിയായ കുട്ടിക്ക് വൈദ്യസഹായവും പോഷകാഹാരവും ലഭ്യമാക്കണമെന്നും ആക്റ്റിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയം നിര്‍ദ്ദേശിച്ചു.
നിയമപരമായ മറ്റു നടപടികള്‍ക്ക് സാന്നിധ്യം ആവശ്യമില്ലെങ്കില്‍ കുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിന് കോഴിക്കോട് ജില്ലാ കലക്റ്റര്‍ നേതൃത്വം നല്‍കണം. കുട്ടിക്കെതിരെ സ്വീകരിച്ച നടപടികളില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.