പഞ്ചാബില്‍ തിമിര ശസ്ത്രക്രിയ; 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു

Posted on: December 5, 2014 12:46 pm | Last updated: December 5, 2014 at 11:44 pm

Punjab_eye_camp_horror_650
അമൃത്‌സര്‍: പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 15 പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഗുമന്‍ ഗ്രാമത്തില്‍ ഒരു സര്‍ക്കാറിതര ഏജന്‍സി നടത്തിയ ക്യാമ്പിനിടെയാണ് സംഭവം. കാഴ്ച നഷ്ടപ്പെട്ടവരെല്ലാം അറുപത് വയസ്സിന് മുകളിലുള്ളവരാണ്. അമൃത്‌സറിലെ ഗാഗോ മഹല്‍ ഗ്രാമവാസികള്‍ക്കാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഡോക്ടറെയും ക്യാമ്പ് കോ-ഓര്‍ഡിനേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. വിവേക് അറോറ, കോ- ഓര്‍ഡിനേറ്റര്‍ മന്‍ജിത് ജോഷി എന്നിവരാണ് അറസ്റ്റിലായത്. ശസ്ത്രക്രിയ നടത്തിയ മറ്റു ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്ത് ദിവസം മുമ്പായിരുന്നു ക്യാമ്പ്.
കാഴ്ച നഷ്ടപ്പെട്ട 15 പേര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയരായ 60 പേരുടെയും കാഴ്ച തകരാറിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമൃത്‌സറില്‍നിന്നുള്ള 15 രോഗികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കാഴ്ചശക്തി നഷ്ടമായതായി കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവി ഭഗത് പറഞ്ഞു. കാഴ്ച നഷ്ടപ്പെട്ടവരെ അമൃത്‌സറിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാഴ്ച തിരിച്ചു കിട്ടുമോയെന്ന കാര്യത്തില്‍ ഒരാഴ്ചക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അണുവിമുക്തമാക്കാത്തതും വൃത്തിഹീനവുമായ താത്കാലിക ശസ്ത്രക്രിയാ മുറിയില്‍ വെച്ചാണ് തിമിര ശസ്ത്രക്രിയ നടത്തിയതെന്ന് സിവില്‍ സര്‍ജന്‍ രാജീവ് ഭല്ല പറഞ്ഞു. അധികൃതരുടെ അനുമതി വാങ്ങുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ ക്യാമ്പ് സംഘടിപ്പിച്ചവര്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 11 സ്ത്രീകള്‍ മരിച്ചിരുന്നു.