Connect with us

Kozhikode

കോടതിയില്‍ കീഴടങ്ങാനെത്തിയ യുവാവിന് നേരെ ആക്രമണം

Published

|

Last Updated

വടകര: ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ യുവാവ് ഇന്നലെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. വില്യാപ്പള്ളി കളരിമുക്ക് സ്വദേശി കളത്തില്‍ മീത്തല്‍ ലിനീഷാണ് (28) കീഴടങ്ങിയത്. യുവാവ് കോടതിയില്‍ ഹാജരാകുമെന്നറിഞ്ഞ് കോടതി പരിസരത്ത് തടിച്ചുകൂടിയ ഒരു സംഘമാളുകള്‍ യുവാവിനു നേരെ അക്രമമഴിച്ചുവിടുകയും യുവാവും സംഘവും എത്തിയ കാര്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. താന്‍ കോഴിക്കോട് മുഖ്ദാര്‍ എന്ന സ്ഥാപനത്തില്‍ പോയി ഇസ്‌ലാം മതം സ്വീകരിച്ചതായും അബ്ദുസ്സലാം എന്ന് പേര് സ്വീകരിച്ചതായും യുവാവ് കോടതിയില്‍ മൊഴി നല്‍കി. ഇത്രയും ദിവസം എവിടെയാണെന്ന കോടതിയുടെ ചോദ്യത്തിന് മുഖ്ദാറില്‍ താമസിച്ച് മതപഠനം നടത്തിവരികയാണെന്നും ആരുടെയെങ്കിലും ഭീഷണിക്കോ പ്രേരണക്കോ വഴങ്ങിയോ അല്ല ഇസ്‌ലാം മതം സ്വീകരിച്ചതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.
മാതാവിനോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇനി എങ്ങോട്ടാണ് പോകുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മുഖ്ദാറിലേക്ക് പോകാനാണ് ആഗ്രഹമെന്നും തനിക്ക് ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നും യുവാവ് കോടതിയുടെ ആവശ്യപ്പെട്ടു. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തോടെയാണ് യുവാവിനെ കോടതിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സംഘര്‍ഷത്തെ തുടര്‍ന്ന് എ എസ് പി യതീഷ് ചന്ദ്ര, വടകര സി ഐ. പി എം മനോജ്, എസ് ഐ. എന്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. കോടതി പരിസരത്ത് കൂട്ടംകൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു.