Connect with us

Kerala

ഫസല്‍ ഗഫൂറിനോട് ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂറിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ഫസല്‍ ഗഫൂറിന്റെ വിവാദ പ്രസ്താവന വിശ്വാസികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തി ഉളവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഫസല്‍ ഗൂഫീറിനോട് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്നലെ എം ഇ എസ് നടത്തിയ ഒരു ചടങ്ങിനിടെ ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവന ന്യൂനപക്ഷ അവകാശങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കമ്മീഷന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഏഴ് ദിവസത്തിനികം താങ്കള്‍ മറുപടി നല്‍കണം. അല്ലത്തപക്ഷം യാതൊന്നും ബോധിപ്പിക്കാന്‍ ഇല്ലെന്ന് മനസ്സിലാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി നോട്ടീസില്‍ വ്യക്തമാക്കി.
മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണക്കെതിരെ രൂക്ഷ വിമര്‍ശമാണ് കഴിഞ്ഞ ദിവസം ഫസല്‍ ഗഫൂര്‍ നടത്തിയത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മറക്കണമെന്ന വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന പര്‍ദ വെറും ഫാഷനാണെന്നായിരുന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞത്. ഇസ്‌ലാം മതപ്രകാരവും ധാര്‍മികപരമായും പര്‍ദക്ക് യാതൊരു പിന്‍ബലവുമില്ല. ശാസ്ത്രീയമായി കാര്യങ്ങള്‍ പറയുമ്പോള്‍ ഇതിനെ മതപരമായി കൂട്ടികുഴക്കരുത്. കൂടുതല്‍ തുണി ഉപയോഗിക്കുന്നതും മുഖം മറക്കുന്നതും പുരോഗമനപരമോ ഇസ്‌ലാമികമോ ആയ വസ്ത്രമായി കണക്കാക്കാനാകില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

Latest