അമേരിക്കയില്‍ വീണ്ടും ‘കറുത്ത’ ദിനം

Posted on: December 5, 2014 4:28 am | Last updated: December 4, 2014 at 10:29 pm

download (1)ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനെ ശ്വാസംമുട്ടിച്ചുകൊന്ന കേസില്‍ വെളുത്തവര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ വീണ്ടും അമേരിക്കയില്‍ വ്യാപക പ്രതിഷേധം. നികുതിയടക്കാത്ത ചില്ലറ സിഗററ്റ് വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ കറുത്ത വര്‍ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ കേസിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ പന്റാലിയോ കുറ്റക്കാരനല്ലെന്ന് ജൂറി വിധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലും മന്‍ഹാട്ടനിലും സ്റ്റേറ്റന്‍ ഐലന്‍ഡിലും പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ ഒത്തുകൂടി. കഴിഞ്ഞ ജൂലൈ 17നാണ് എറിക് ഗര്‍ണര്‍ എന്ന കറുത്ത വര്‍ക്കാരന്‍ സ്റ്റേറ്റന്‍ ഐലന്‍ഡില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഗാര്‍ണര്‍ കൊല്ലപ്പെട്ടത് മുതല്‍ ഈ പ്രദേശം സംഘര്‍ഷ ഭീതിയിലായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തമാക്കിയുള്ള ജൂറി തീരുമാനം പുറത്തുവന്നതോടെ പ്രദേശം കനത്ത ഭീതിയിലാണ്. ഇതിന് മുമ്പ് മിസൂറിയില്‍ 18കാരനായ മൈക്കല്‍ ബ്രൗണ്‍ എന്ന നിരായുധനായ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസിലും ജൂറി കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ വെറുതെവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും മുമ്പ് കാണാത്ത വിധം പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി പ്രക്ഷോഭകര്‍ കടകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
എറിക് ഗര്‍ണറെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവുമുക്തമാക്കിയ നടപടിക്കെതിരെ സോഷ്യല്‍ സൈറ്റുകളിലും കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനം പുറത്തുവന്ന ഉടന്‍ സ്റ്റേറ്റന്‍ ഐലന്‍ഡില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി. കറുത്തവര്‍ഗക്കാരനായ വ്യക്തിക്ക് നീതി ലഭിക്കാതെ പോയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇവിടുത്തെ നീതി വ്യവസ്ഥ വെളുത്തവര്‍ഗക്കാരനെ ന്യായീകരിക്കുന്നതാണ്. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ പ്രകടനമാണെന്നും ഈ വര്‍ഷം തന്നെ നിരവധി കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും കുറ്റവാളികള്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി.
കറുത്ത വര്‍ഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഏജന്‍സി അന്വേഷണം നടത്തുമെന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ ചൂണ്ടിക്കാട്ടി.