എടിഎമ്മില്‍ നിന്ന് ഒന്നരക്കോടിയുടെ കവര്‍ച്ച: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Posted on: December 4, 2014 7:08 pm | Last updated: December 4, 2014 at 7:09 pm

atm-robbery3_650_112914084607ന്യൂഡല്‍ഹി: നഗരത്തിലെ തിരക്കിനിടയില്‍ നടന്ന വന്‍ എടിഎം കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഉത്തര ഡല്‍ഹിയിലെ കമല്‍ നഗര്‍ മാര്‍ക്കറ്റിലെ സ്വകാര്യ ബാങ്ക് എടിഎമ്മാണ് കഴിഞ്ഞ ശനിയാഴ്ച്ച കൊള്ളയടിക്കപ്പെട്ടത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷമാണ് മോഷ്ടാക്കള്‍ ഒന്നരക്കോടി രൂപ കൊള്ളയടിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാജ്യത്തെയാകെ ഞെട്ടിച്ച വന്‍ കവര്‍ച്ച അരങ്ങേറിയത്. സ്വകാര്യ ബാങ്കിന്റെ എടി എം കൗണ്ടറില്‍ പണം ലോഡ് ചെയ്യാനെത്തിയ വാനില്‍ നിന്ന് ജീവനക്കാര്‍ പണവുമായി പുറത്ത് ഇറങ്ങിയപ്പോഴാണ് മോഷണം നടന്നത്. ജീവനക്കാരുടെ കൈയ്യില്‍ നിന്ന് പണം അടങ്ങിയ ബ്രീഫ് കേസ് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കൊള്ളയടിക്കുകയായിരുന്നു. മോഷണം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് വീഴ്ത്തിയ ശേഷമായിരുന്നു മോഷ്ടാക്കാള്‍ പണവുമായി കടന്നു കളഞ്ഞത്.
സംഭവം നടക്കുമ്പോള്‍ തന്നെ ചില ദൃക്‌സാക്ഷികള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസ് പുറത്ത് വിട്ടത്. മോഷ്ടാക്കളെ പിടികൂടാന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി പൊലീസ്.