മംഗള്‍യാന്‍ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

Posted on: December 4, 2014 12:30 pm | Last updated: December 4, 2014 at 12:30 pm

isro centreകല്‍പ്പറ്റ: ഡിസംബര്‍ 19 മുതല്‍ 26 വരെ മാനന്തവാടിയില്‍ നടക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് 22ന് വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കുന്ന ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനും മംഗള്‍യാന്‍ വിജയത്തിലെത്തിച്ച ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാനും ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം.
ഹൈസ്‌കൂളുകളിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ കൃഷിയും ശാസ്ത്രവും വിഷയമാക്കി ക്വിസ് മത്സരം നടത്തി ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും തെരഞ്ഞെടുത്ത് നാഷണല്‍ അഗ്രിഫെസ്റ്റ് സംഘാടകസമിതി ഓഫീസില്‍ 16നകം അറിയിക്കണം. സംവാദത്തില്‍ മികവ് തെളിയിക്കുന്ന ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും തുമ്പ വിക്രം സാരാഭായി സ്‌പേയ്‌സ് സെന്റര്‍ സന്ദര്‍ശനത്തിന് അവസരം നല്‍കും.
മംഗള്‍യാന്‍ ദൗത്യ വിജയത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് സയന്‍സ് ആന്റ് ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ശാസ്ത്രലോകം, ബഹിരാകാശം, ഉപഗ്രഹങ്ങള്‍ എന്നിവയെ അടുത്തറിയുന്നതിനുള്ള സ്‌പേയ്‌സ് പവലിയനും അഗ്രിഫെസ്റ്റില്‍ ഒരുക്കും.
ശാസ്ത്രമേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന വിഷയത്തില്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തുന്ന സെമിനാറില്‍ തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്കും ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും പുറമെ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടിശാസ്ത്രജ്ഞരേയും ഉള്‍പ്പെടുത്തും. മിക്‌സ്ഡ് സ്‌കൂള്‍ അല്ലെങ്കില്‍ സ്‌കൂള്‍തലത്തില്‍ ഉയര്‍ന്ന പോയിന്റ് ലഭിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.