Connect with us

Wayanad

ഗവ. മെഡിക്കല്‍ കോളജ് മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആരംഭിക്കണം

Published

|

Last Updated

മുട്ടില്‍: 2012ലെ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ വയനാടിനായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇതിനായി സര്‍ക്കാറില്‍ ജനകീയ സമ്മര്‍ദ്ദം ചെലുത്താന്‍ സി പി ഐയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം തുടങ്ങി.
ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും രോഗികള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദമായ പ്രദേശത്ത് സര്‍ക്കാറിന്റെ തന്നെ അധീനതയില്‍ ഭൂമിയുള്ളപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമാവും. കോട്ടത്തറ വില്ലേജില്‍ ഉള്‍പ്പെട്ട മടക്കിമലക്ക് സമീപം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കാമെന്ന് 2012ല്‍ തന്നെ അറിയിച്ച 50 ഏക്കര്‍ ഭൂമി സാങ്കേതികത്വത്തിന്റെ പേരില്‍ ഇനിയും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആയിട്ടില്ല. ഇപ്പോഴും ഇത് സംബന്ധിച്ച സാങ്കേതികത്വവും കത്തിടപാടുകളും തുടരുകയാണ്. വയനാടിനൊപ്പം പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും ചികില്‍സാ രംഗത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഈ ജില്ലയില്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും ആരംഭിച്ചില്ലെന്നത് ജനപ്രതിനിധികളുടെ ഇച്ഛാശക്തിയില്ലായ്മയാണ് ബോധ്യപ്പെടുത്തുന്നത്. മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളോട് ചേര്‍ന്ന് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള 64 ഏക്കറോളം ഭൂമി ഉണ്ടെന്നാണ് റവന്യൂ രേഖകള്‍ വ്യക്തമാക്കുന്നത്. റീസര്‍വെ നമ്പര്‍ 643/2ല്‍ 2.777 ഹെക്ടറും 643/4ല്‍ 3.826 ഹെക്ടറും, 643/5ല്‍ 2.90 ഹെക്ടറും 643/6ല്‍ 3.5760 ഹെക്ടറും 643/7ല്‍ 4.264 ഹെക്ടറും 643/8ല്‍ 3.166 ഹെക്ടറും 643/9ല്‍ 3.0480 ഹെക്ടറും സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നാണ് റവന്യൂ രേഖ. പൊതുസ്ഥാപനത്തിന് ഏറ്റവും അനുയോജ്യമായവിധം ഈ ഭൂമിയെല്ലാം ഒരുമിച്ചാണ് കിടക്കുന്നതും. ഇവിടെ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഉള്ളവര്‍ക്ക് ഏറെ പ്രയോജനകരവും എത്തിപ്പെടാന്‍ എളുപ്പവുമാവും.
ഈ ആവശ്യം ഉന്നയിച്ച് മുന്‍പ് സി പി ഐ ലോക്കല്‍ കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനത്തില്‍ നടപടി ഉണ്ടാവാത്തത് ചില ഉദ്യോഗസ്ഥരുടെ കള്ളക്കളികള്‍ മൂലമാണെന്ന് സംശയിക്കുന്നതായി ലോക്കല്‍ കമ്മിറ്റി വിലയിരുത്തി. നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് ഇവിടെ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം മുട്ടില്‍ പ്രദേശത്തെ ജനങ്ങള്‍ കൂട്ടായി ഉന്നയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ആദ്യപടി എന്ന നിലയില്‍ ഒപ്പുശേഖരണം നടത്താന്‍ സി പി ഐ തീരുമാനിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ കെ മത്തായി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു.
പി ഇ ജോര്‍ജ്കുട്ടി, കാളാടന്‍ രാജന്‍, എ കെ രാജീവന്‍, അമ്മാത്ത്‌വളപ്പില്‍ കൃഷ്ണകുമാര്‍ പ്രസംഗിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനങ്ങളും ഒപ്പിട്ട് മുഖ്യമന്ത്രിക്കും റവന്യൂ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്കും നല്‍കുന്ന ഭീമഹര്‍ജിയില്‍ നടപടയില്ലെങ്കില്‍ മുട്ടില്‍ നോര്‍ത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ മെഡിക്കല്‍ കോളേജിനായുള്ള പ്രത്യക്ഷ സമരപരിപാടികള്‍ക്കും സി പി ഐ നേതൃത്വം നല്‍കുമെന്ന് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.