വ്യാപാരി വ്യവസായികളുടെ കടയടപ്പ് സമരം പൂര്‍ണം

Posted on: December 4, 2014 9:45 am | Last updated: December 4, 2014 at 9:45 am

harthalകോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ സമരത്തില്‍ ജില്ലയിലെ ഭൂരിഭാഗം വ്യാപാരികളും പങ്കാളികളായി.
ചില ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നത് നഗരത്തിലെത്തിയവര്‍ക്ക് പ്രയാസമായി. ജോലിയാവശ്യത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഏറെ പ്രയാസം നേരിട്ടത്. പലരും ഭക്ഷണം കിട്ടാതെ വലഞ്ഞു. പുതിയബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പ്രധാന ഹോട്ടലുകളെല്ലാം അടഞ്ഞുകിടന്നു. സമരം നേരത്തെ അറിഞ്ഞതിനാല്‍ പലരും അതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ പതിവായി ഹോട്ടലിനെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവര്‍ ബുദ്ധിമുട്ടിലായി.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായിത്തെരുവ്, പാളയം, മാവൂര്‍ റോഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ജില്ലയിലെ പ്രധാന പട്ടണങ്ങളായ വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുറ്റിയാടി, നാദാപുരം, മുക്കം, കുന്ദമംഗലം, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളിലും സമരം പൂര്‍ണമായിരുന്നു. വ്യാപാരി വ്യവസായി സമിതി, ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗം, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവര്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെതില്‍ ഈ വിഭാഗത്തില്‍പ്പെട്ട കടകളാണ് തുറന്ന് പ്രവര്‍ത്തിച്ചത്.