Connect with us

Kerala

അപൂര്‍വ കാഴ്ചയായി ഉത്തരായന പക്ഷി

Published

|

Last Updated

കണ്ണൂര്‍: മുന്തിരി വള്ളികള്‍ പൂത്ത കാട് തേടി കൂട്ടമായ് പറന്നുയരുന്ന ഉത്തരായനപക്ഷി യാത്രക്കിടെ വഴി തെറ്റി മാടായിപ്പാറയിലുമെത്തി. തണുത്തുറയുന്ന ശൈത്യകാലമൊഴിവാക്കാന്‍ ഉത്തരധ്രുവപ്രദേശത്തുനിന്ന് മലയും കാടും കടലും കടന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രക്കിടെയാണ് ഗ്രീക്കില്‍ മുന്തിരിപ്പൂ എന്ന പേരിലുള്ള ഉത്തരായനപ്പക്ഷി (Northern Wheatear) മാടായിപ്പാറയിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ കാശ്മീരില്‍ ഒരു തവണ കണ്ടതൊഴിച്ചാല്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ഈ പക്ഷിയെ നിരീക്ഷകരായ പി സി രാജീവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. ജയന്‍ തോമസ് എന്നിവരാണ് മാടായിപ്പാറയില്‍ കണ്ടെത്തിയത്. അലാസ്‌ക, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ ഉത്തരധ്രുവ പ്രദേശങ്ങളിലെ പാറയിടുക്കുകളില്‍ പ്രജനനം നടത്തുന്ന ഈ പക്ഷികള്‍ പതിനയ്യായിയിരം കിലോമീറ്ററുകളോളം സഞ്ചരിച്ചും ശൈത്യകാലം കഴിക്കാന്‍ ആഫ്രിക്കയില്‍ എത്താറുണ്ട്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് 290 കിലോമീറ്ററെങ്കിലും പറക്കുന്ന ഉത്തരായന പക്ഷി കടലിനു മുകളിലുടെയുള്ള സഞ്ചാരത്തിനിടയിലാണ് വഴി തെറ്റി മാടായിയിലെത്തിയതെന്ന് ഡോ ഖലീല്‍ ചൊവ്വ പറഞ്ഞു. ചെറുപക്ഷികളില്‍ ഏറ്റവും ദൂരം ദേശാടനം നടത്തുന്ന പക്ഷിയാണിത്. മാടായിപ്പാറയില്‍ ഒറ്റക്കുകണ്ട പിടപ്പക്ഷി ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമായതായും നിരിക്ഷകര്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് പാക്കിസ്ഥാനില്‍ ഉത്തരായന പക്ഷിയെ ഒന്നിലധികം തവണ കണ്ടതായി നിരീക്ഷകര്‍ പറയുന്നുണ്ട്.

Latest