സംസ്ഥാന സ്‌കൂള്‍ കലോത്സവം: 14 വേദികളിലും തത്സമയ സംപ്രേഷണം

Posted on: December 4, 2014 4:28 am | Last updated: December 3, 2014 at 11:29 pm

kalothsavamകോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവം ലോകത്ത് എവിടെയിരുന്നും മലയാളികള്‍ക്ക് കാണാം. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഐ ടി അറ്റ് സ്‌കൂള്‍ തയാറാക്കുന്ന പുതിയ വെബ്‌സൈറ്റ് വഴി 14 വേദികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ തത്‌സമയം സംപ്രേഷണം ചെയ്യും. മല്‍സരഫലവും ഭക്ഷണശാലയിലെ തിരക്കും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ മൊബൈല്‍ ഫോണിലും ലഭ്യമാകും. ഇതിനായി വെബ്‌സൈറ്റിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഇന്നലെ ചേര്‍ന്ന വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ഐ ടി സ്‌കൂള്‍ ഡയറക്ടര്‍ കെ പി നൗഫല്‍ ഇതു സംബന്ധിച്ച് വിശദീകരിച്ചു. പത്ത് ദിവസത്തിനകം വെബ്‌സൈറ്റ് നിലവില്‍ വരും. ഐ ടി അറ്റ് സ്‌കൂളിന്റെ പ്രത്യേക സംഘമാണ് വിവിധ വേദികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ് 62 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ സന്ദര്‍ശിച്ചെന്നാണ് കണക്ക്. ഇതേ തുടര്‍ന്നാണ് പുതിയ വെബ്‌സൈറ്റില്‍ ലോക മലയാളികള്‍ക്കായി തത്‌സമയ സംപ്രേഷണ സൗകര്യം ഒരുക്കുന്നത്. വെബ്‌സൈറ്റ് പരിശോധിക്കുന്നതിന് 14 വേദികളിലും ഓപണ്‍ വൈഫൈ സൗകര്യം ഒരുക്കും. വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പ് എസ് എം എസ് വഴി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമുണ്ട്. ഭക്ഷണശാലയിലെ കൗണ്ടറുകളില്‍ സ്ഥാപിക്കുന്ന സെന്‍സര്‍ വഴി ആളുകളുടെ കണക്ക് ശേഖരിച്ച്, കൗണ്ടറിനു പുറത്തെ ഡിജിറ്റല്‍ സ്‌ക്രീനിലും വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വെബ്‌സൈറ്റിനു പുറമേ സംഘാടക സമിതി ഓഫീസിന് സമീപം ക്രമീകരിക്കുന്ന ഹാളില്‍ 14 വേദികളിലെ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 14 ജില്ലകള്‍ക്കായി ഇവിടെ പ്രത്യേകം ഇന്‍ഫര്‍മേഷന്‍ ഡെസ്‌കും ആരംഭിക്കും. 55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ സംപ്രേഷണം തന്നെയാകും.