മദ്യ വില്‍പ്പന സമയം കുറക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി

Posted on: December 4, 2014 5:00 am | Last updated: December 3, 2014 at 11:01 pm

barചെന്നൈ: മദ്യത്തിന്റെ അമിതമായ ഉപയോഗവും വില്‍പ്പനയും വഴി സാമൂഹികമായ പല തരത്തിലമുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വില്‍പ്പന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനോട് ഹൈക്കോടതി. ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഒട്ടെറെ ഗ്രാമങ്ങളുള്ളപ്പോള്‍ മദ്യം പരന്നൊഴുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
മദ്യത്തില്‍ നിന്നുള്ള വരുമാനത്തേക്കാളേറെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ അമിത ഉപയോഗം പല തരത്തിലുള്ള റോഡപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും വ്യക്തിപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി തീരുന്നു. മദ്യഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മദ്യഷാപ്പുകളുടെ എണ്ണം കുറക്കുന്നതിനും സമയം ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണം.
മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടമുണ്ടായി രണ്ട് യുവാക്കള്‍ മരിച്ചതില്‍ നഷ്ടപരിഹാരം തേടിയുള്ള ഹരജിയുടെ വിചാരണക്കിടെ ജസ്റ്റിസ് എന്‍ കിരുബാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ 6850 മദ്യഷാപ്പുകള്‍ നടത്തുന്നതായും 30000 കോടിയിലധികം രൂപ വരുമാനമുണ്ടാക്കുന്നതായും ഇതു പല കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ കാരണമാകുന്നതായും ജസ്റ്റിസ് എന്‍ കിരുബാകരന്‍ നിരീക്ഷിച്ചു. ചെറിയ കുട്ടികള്‍ പോലും മദ്യത്തിനടിമപ്പെടുന്നുണ്ടെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മദ്യം കഴിച്ച് ഓഫീസില്‍ എത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇത് വലിയ അപകടകരമാണ്. ഇതിന് തടയിടേണ്ടത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും എന്‍ ജി ഒ കളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.