പീഡനത്തെ പെണ്‍കുട്ടികള്‍ ചെറുത്ത സംഭവം പുതിയ വഴിത്തിരിവില്‍

Posted on: December 4, 2014 4:57 am | Last updated: December 3, 2014 at 10:58 pm

girls protestന്യൂഡല്‍ഹി: ഹരിയാന റോഡ്‌വെയ്‌സ് ബസില്‍ മൂന്ന് യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചെറുത്ത് തോല്‍പ്പിച്ച പെണ്‍കുട്ടികളുടെ സംഭവം പുതിയ വഴിത്തിരിവിലേക്ക്. യാത്രക്കിടയില്‍ പീഡിപ്പിക്കാനല്ല ശ്രമം നടന്നതെന്നും ബസില്‍ ഇരിപ്പിടത്തെ ചൊല്ലിയാണ് തര്‍ക്കം നടന്നതെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം ബസില്‍ യാത്ര ചെയ്ത അഞ്ച് യാത്രക്കാര്‍ പോലീസിനെ അറിച്ചിട്ടുണ്ട്.
തങ്ങളുടെ ടിക്കറ്റ് എടുക്കാന്‍ യുവാക്കളോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടുവെന്ന് ഒരു സാക്ഷി മൊഴി നല്‍കി. പെണ്‍കുട്ടികള്‍ ഇരുന്നത് സീറ്റ് നമ്പര്‍ എട്ടിലായിരുന്നു. ഈ സീറ്റ് വൃദ്ധകള്‍ക്ക് സംവരണം ചെയ്തതാണെന്നും മാറിയിരിക്കണമെന്നും യുവാക്കള്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ അടി തുടങ്ങുകയായിരുന്നു. ബസില്‍ ഒരു തരത്തിലുള്ള പീഡന ശ്രമവും നടന്നിട്ടില്ലെന്നും കേവലം സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് അടിപിടി നടന്നതെന്നും ബസ് യാത്രക്കാരായ നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ വീഡിയോ വന്നതിനെ തുടര്‍ന്ന്, അടിപിടിയുണ്ടാക്കുക പെണ്‍കുട്ടികളുടെ സ്ഥിരം പരിപാടിയാണെന്ന് കുറ്റാരോപിതരുടെ ബന്ധുക്കള്‍ പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ റിപ്പബ്ലിക് ദിനത്തില്‍ ഈ പെണ്‍കുട്ടികളെ ആദരിക്കാനിരിക്കെയാണ് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വന്നത്. വിഷയം മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.