ബാബരി മസ്ജിദ് കേസില്‍ നിന്ന് ഹരജിക്കാരന്‍ പിന്‍മാറി

Posted on: December 3, 2014 10:46 pm | Last updated: December 3, 2014 at 10:46 pm

hashim ansariന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ നിന്ന് പിന്മാറുന്നതായി ഹര്‍ജിക്കാരില്‍ ഒരാളായ ഹാഷിം അന്‍സാരി. ബാബരി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഹര്‍ജിക്കാരന്റെ നാടകീയ പിന്‍മാറ്റം. 1959 മുതല്‍ കേസില്‍ നിയമ പോരാട്ടം നടത്തുന്ന ആളാണ് ഹാഷിം അന്‍സാരി.

ബാബരി കേസ് രാഷ്ട്രീയ ആയുധമായിരിക്കുകയാണെന്ന് 66 വര്‍ഷം കേസ് നടത്തിയ അനുഭവത്തില്‍ നിന്നും മനസ്സിലായതായി 92 വയസ്സുള്ള അന്‍സാരി പറഞ്ഞു. രാമന്റെ വിഗ്രഹം താല്‍ക്കാലിക കുടിലില്‍ കഴിയുമ്പോള്‍ ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവര്‍ ബംഗ്ലാവുകളില്‍ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം സ്വതന്ത്രമാക്കി നിര്‍ത്തണം. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാഷിം അന്‍സാരി ക്ഷണിച്ചു. സുന്നി വഖഫ് ബോര്‍ഡും അന്‍സാരിയും അടക്കം ഏഴുപേരാണ് ബാബരി മസ്ജിദ് കേസിലെ ഹര്‍ജിക്കാര്‍. എന്നാല്‍, മറ്റുള്ളവര്‍ കേസില്‍ തുടരുന്നതിനാല്‍ അന്‍സാരി പിന്മാറുന്നത് കേസിന്റെ നടപടികളെ ബാധിക്കില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പ്രതികരിച്ചു.