വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കും: ആര്‍ ടി ഒ

Posted on: December 3, 2014 11:28 am | Last updated: December 3, 2014 at 11:28 am

കല്‍പ്പറ്റ: സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികളില്‍ നിന്നും യാത്രയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായും മറ്റുമുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രതേ്യക സ്‌ക്വാഡിനെ നിയോഗിച്ചതായി ആര്‍ടി ഒ, പി.ഐ സത്യന്‍ അറിയിച്ചു.
ഫെയര്‍‌സ്റ്റേജ് നിബന്ധനകള്‍ കൃത്യമായി പാലിക്കാതെ സ്വകാര്യ ബസുകള്‍ ഒരേ ദൂരത്തിന് വ്യത്യസ്ത യാത്രാകൂലി ഈടാക്കുന്നതിനെതിരെ മീനങ്ങാടി ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥിയായ അജീഷ് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരാതി പരിഹാര കേന്ദ്രത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് റൂട്ടുകളിലും ഈ സ്‌ക്വാഡ് കര്‍ശന പരിശോധന നടത്തും. ബസ് ജീവനക്കാര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ആര്‍.ടി.ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.