Connect with us

Kozhikode

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമണ്ണ കോലോത്ത് താഴം ദേവികൃപയില്‍ ദേവദാസ് (50), ഭാര്യ ഉഷ (40), കൊട്ടിയൂര്‍ പാട്യം സ്വദേശി ശ്രീജിത്ത് (30) എന്നിവരെയാണ് പന്നിയങ്കര എസ് ഐ ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് കുറ്റിയില്‍ പടിയിലെ സിറ്റി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബേങ്കില്‍ 10 ലക്ഷം രൂപ പണയ വായ്പയെടുക്കാനെത്തിയപ്പോഴാണ് ഇവര്‍ പിടിയലായത്. ശ്രീജിത്തിന്റേയും ഉഷയുടേയും പേരിലായിരുന്നു പണയംവെക്കാന്‍ ശ്രമിച്ചത്. 250 ഗ്രാം സ്വര്‍ണം പൂശിയ 45 വളകള്‍ ഇവര്‍ ബേങ്കില്‍ നല്‍കി. സംശയം തോന്നിയ ബേങ്ക് ജീവനക്കാര്‍ വള പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പന്നിയങ്കര പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം പൂശിയ 15 ബ്രേസ്‌ലേറ്റും ആറ് ചെയിനും വളകളും കണ്ടെത്തി. പ്രതികള്‍ നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം കെ ഡി സി ബേങ്കിന്റെ പ്രധാന ശാഖയില്‍ നിന്ന് മുക്കു പണ്ടം പണയം വച്ച് 18 ലക്ഷം രൂപ തട്ടിയെടുത്തതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശ്രീജിത്തിന്റേയും ഉഷയുടേയും പേരിലായിരുന്നു അന്നും സ്വര്‍ണം പണയം വച്ചത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് കേസെടുത്തു. കൂടുതല്‍ സ്ഥലങ്ങളില്‍ ഇപ്രകാരം തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പന്നിയങ്കര എസ് ഐ ശിവദാസ് പറഞ്ഞു.
കൊട്ടിയൂര്‍ സ്വദേശിയായ ശ്രീജിത്ത് നഗരത്തിലെ ഒരു കടയിലെ ജീവനക്കാരനായിരുന്നു. ഉഷയും ദേവദാസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് തട്ടിപ്പിനിറങ്ങിയത്.

Latest