Connect with us

Malappuram

വനമേഖലയില്‍ കുരങ്ങുപനി; ആശങ്ക വ്യാപിക്കുന്നു

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ കുരങ്ങുപനി വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. കേരളത്തില്‍ ആദ്യമായി മനുഷ്യരിലും കുരങ്ങുപനി കണ്ടത് കഴിഞ്ഞ ജൂണില്‍ കരുളായി വനമേഖലയിലാണ്.
കരുളായി വനത്തിലെ നാഗമല ആദിവാസി കോളനിയിലെ വെള്ളന്‍, കേത്തന്‍, വരച്ചില്‍ മലയിലെ മാതി, മാഞ്ചീരി കോളനിയിലെ ചെല്ലന്‍എന്നിവര്‍ക്കാണ് കഴിഞ്ഞ ജൂണില്‍ രോഗം കണ്ടെത്തിയിരുന്നത്. നാഗമല ആദിവാസി കോളനിയിലെ താടിമാത(65)നും കഴിഞ്ഞ ദിവസം കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കെയ്‌സനൂര്‍ ഫോറസ്റ്റ് ഡിസിസ് എന്ന പേരിലറിയപ്പെടുന്ന കുരങ്ങുപനി 1957 മാര്‍ച്ചില്‍ കര്‍ണാടകയി ലെ കെയ്‌സനൂര്‍ വനമേഖലയിലാണ് ആദ്യം കണ്ടെത്തിയത് പിന്നീട് കര്‍ണാടകയിലെ ഷിമോഗ, ഉത്തര കന്നട, ദക്ഷിണ കന്നട, മൈസൂര്‍ ജില്ലകളിലെ വനമേഖലയില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ മസനഗുടിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വര്‍ഷാദ്യം കേരളത്തില്‍ വയനാട് വനമേഖലിയില്‍ കുരങ്ങുപനി ബാധിച്ച് കുരങ്ങുകള്‍ ചത്തിരിന്നു. കേരളത്തില്‍ ആദ്യമായി നിലമ്പൂരിലാണ് മനുഷ്യരില്‍ രോഗം കണ്ടെത്തുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ മരങ്ങള്‍ക്ക് ഉയരം കൂടുതലായതിനാല്‍ ഉള്‍ക്കാടുകളില്‍ നാടന്‍ കുരങ്ങുകള്‍ കുറവാണ് ഇതുകാരണം നിലമ്പൂര്‍ കാടുകളില്‍ കുരങ്ങുകളില്‍ രോഗ സാധ്യത കുറവാണ്. ഹോമ ഫൈസിലിസ് എന്ന ചെള്ളുകളാണ് രോഗവാഹകര്‍. കുരങ്ങുകളിലാണ് ഈ രോഗം കൂടുതലായി പടരുന്നത്. ചെള്ളുകള്‍ കടിച്ചാല്‍ കുരങ്ങുകള്‍ പെട്ടന്ന് ചത്തുപോകും. പ്രാഥമിക ഘട്ടത്തില്‍ ശക്തമായ പനിയാണ് രോഗ ലക്ഷണം തുടര്‍ന്ന് ശരീരമാസകലം വേദനയുമുണ്ടാകും. ഈ ഘട്ടത്തില്‍ അഞ്ചു മുതല്‍ പത്ത്ശതമാനം വരെ മരണ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വയറിളക്കവും രക്തസ്രാവവും അനുഭവപ്പെടുന്നതോടെ അപകട സാധ്യത വര്‍ധിക്കും. കുരങ്ങുപനി സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിരോധ വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാനായിട്ടില്ല. കര്‍ണാടകയില്‍ നിന്നാണ് വാക്‌സിന്‍ സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമായതിനാല്‍ വാക്‌സിന്‍ ഉത്പാദനവും കുറവാണ്. പൂനയില്‍ ഉത്പാദിപ്പിച്ചിരുന്ന മരുന്നുകള്‍ കൂടുതലും ഉപയോഗമുണ്ടായിരുന്നത് കര്‍ണടകയിലായിരുന്നു. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് മരുന്നെത്തിക്കേണ്ടിയിരുന്നതും കര്‍ണാടകയില്‍ നിന്നായിരുന്നു. കഴിഞ്ഞ തവണയും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഏറെ വൈകിയിരുന്നു.
പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആദിവാസികളെ നിര്‍ബന്ധിച്ചെങ്കിലും പലരും അന്ന് അതിന് തയ്യാറായിരുന്നില്ല. ഇപ്പോള്‍ കുരങ്ങ് പനി സ്ഥിരീകരിച്ച താടിമാതന്‍ അന്ന് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നില്ല.
കരുളായി ഉള്‍വനത്തിലെ കോളനിയില്‍ മാത്രമാണ് രോഗം ഇപ്പോള്‍ കണ്ടതെങ്കിലും വനത്തിനോട് ചേര്‍ന്നുകിടക്കുന്ന ആദിവാസി കോളനികളും മറ്റു ജനവാസമേഖലയിലും ഇപ്പോള്‍ ആശങ്കവ്യാപിക്കുന്നുണ്ട്. വനത്തില്‍ ഭക്ഷണം കുറവുള്ളതിനാലും നാട്ടില്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാനുള്ളതിനാലും കുരങ്ങുകള്‍ കൂട്ടത്തോടെ നാട്ടിന്‍പുറങ്ങളിലേക്കിറങ്ങുന്നതുമാണ് പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.
കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, അമരമ്പലം എന്നീ പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭാ പരിധിയിലും ജനവാസ കേന്ദ്രങ്ങളില്‍ ധാരാളമായി കുരങ്ങുകള്‍ ഉണ്ട്. കോഴിക്കോട്-നിലമ്പൂര്‍-നാടുകാണി അന്ത:സംസ്ഥാന പാതയില്‍ നാടുകാണി ചുരത്തിലും ധാരാളമായാണ് കുരങ്ങുകളെ കണ്ടുവരുന്നത്. ഇവക്ക് വനത്തിലെ കുരങ്ങുകളുമായി ബന്ധമുണ്ടാകുകയും അതുവഴി കുരങ്ങുപനി ഇവയിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരുമോ എന്നതാണ് പൊതുജനങ്ങളുടെ ആശങ്ക. കരുളായി മേഖലയില്‍ കുരങ്ങുകള്‍ തുടര്‍ചയായി ചാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.