നാണംകെട്ട വിധേയത്വം

Posted on: December 3, 2014 2:17 am | Last updated: December 3, 2014 at 12:18 am

ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ മുഖ്യ ഘടകമായ ആണവ ബാധ്യതാ നിയമത്തില്‍ കൂടുതല്‍ ഇളവനുവദിക്കാനുള്ള കരുനീക്കത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ആണവ ദുരന്തമുണ്ടായാല്‍ നിലയത്തിന് സാധനസാമഗ്രികള്‍ വിതരണം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആണവ ബാധ്യതാ നിയമത്തിലെ സുപ്രധാനമായ 17ാം വകുപ്പാണ് ഭേദഗതി ചെയ്യാനിരിക്കുന്നത്. 2010ല്‍ യു പി എ സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ആണവ ദുരന്തത്തിന് ഇരയാവുന്നവര്‍ക്ക് പരമാവധി 500 കോടി രൂപ നടത്തിപ്പുകാരന്‍ നഷ്ടപരിഹാരമായി നല്‍കണമെന്നല്ലാതെ ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക്‌നഷ്ട പരിഹാരം നല്‍കാന്‍ ബാധ്യത വെച്ചിരുന്നില്ല. നിലയത്തിന്റെ നടത്തിപ്പുകാര്‍ ഇന്ത്യന്‍ സര്‍ക്കാറും കമ്പനിയുമായിരിക്കെ, ഇതനുസരിച്ചു നഷ്ട പരിഹാരം പൂര്‍ണമായും ഇന്ത്യ തന്നെ നല്‍കേണ്ടിവരുമായിരുന്നു. ബി ജെ പിയടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലയത്തിന് സാധനസാമഗ്രികള്‍ വിതരണം ചെയ്തവര്‍ കൂടി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലേക്ക് ആണവ സാമഗ്രികള്‍ സപ്ലൈ ചെയ്യുന്ന യു എസ് കമ്പനികളുടെ താത്പര്യം പരിഗണിച്ചു ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് അമേരിക്ക നിരന്തരം സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.
പരസ്പര സൗഹൃദത്തിന്റ ഭാഗമാണ് അന്താരാഷ്ട്ര കരാറുകള്‍. ഇരുകക്ഷികളുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം കരാറുകള്‍ ആവിഷ്‌കരിക്കാറുള്ളത്. എന്നാല്‍, ഇതര രാഷ്ട്രങ്ങളുമായുള്ള, വിശിഷ്യാ വികസ്വര രാഷ്ട്രങ്ങളുമായുള്ള യു എസ് കരാറുകളില്‍ പ്രതിഫലിക്കാറുള്ളത് അവരുടെ താത്പര്യങ്ങള്‍ മാത്രമാണ്. ഭീഷണിപ്പെടുത്തിയോ, സ്വാധീനിച്ചോ ആണ് ലോകപോലീസ് ചമയുന്ന അമേരിക്ക മറുകക്ഷിയെ ഇതിന് വഴിപ്പെടുത്തുന്നത്. ആണവ കരാറില്‍് ഇത് കൂടുതല്‍ പ്രകടമാണ്. 2010 ജനുവരി ഒന്ന് മുതല്‍ സ്ഥാപിതമായ ഇന്ത്യാ-ഫ്രാന്‍സ് ആണവകരാറിലൂടെ ഫ്രാന്‍സിലെ പൊതുമേഖലാ സ്ഥാപനമായ അരേവയും , 2010 മാര്‍ച്ച് 12 മുതല്‍ ഇന്ത്യാ-റഷ്യാ ആണവകരാറിലൂടെ റഷ്യന്‍ പൊതുമേഖലയിലുള്ള റുസാറ്റമും പ്രത്യേക നിബന്ധനകളൊന്നുമില്ലാതെ ഇന്ത്യയിലേക്ക് ആണവ സാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ തയ്യാറാണ്. അമേരിക്കന്‍ കമ്പനികള്‍ക്കും സര്‍ക്കാറിനും മാത്രമാണ് ആണവ അപകടങ്ങളുടെ കൈകാര്യമടക്കമുളളവിഷയങ്ങളില്‍ അവരുടെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന നിര്‍ബന്ധം. ഇത്തരം വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് അമേരിക്കന്‍ അടിമത്തമാണന്ന് മന്‍മോഹന്‍ സര്‍ക്കാറിനെ വിമര്‍ശിക്കവെ, ബി ജെ പി തന്നെ നേരത്തെ ആരോപിച്ചതാണ്. ആണവ ബാധ്യതാ നിയമത്തിലെ 17-ാം വകുപ്പ് അമേരിക്കക്ക് വേണ്ടി മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്യുമ്പോള്‍ ആ വാക്കുകള്‍ അവരെത്തന്നെ തിരിഞ്ഞു കുത്തുകയാണ്.
2010 നവംബറില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി അമേരിക്കയെ സന്തോഷിപ്പിക്കാനാണ് റിയാക്ടറുകളോ ആണവ സാമഗ്രികളോ വിതരണം ചെയ്യുന്ന വിദേശ കമ്പനികളെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥകളോടെ മന്‍മോഹന്‍ സര്‍ക്കാര്‍ ആണവ ബാധ്യതാ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരുന്നത്. ഇന്നിപ്പോള്‍ അടുത്ത ജനുവരിയില്‍ റിപ്പബഌക് ദിനാഘോഷത്തിന് ബറാക് ഒബാമ അതിഥിയായി എത്തുന്നതിന്റെ മുന്നോടിയായാണ് നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ നരേന്ദ്ര മോദി തിടുക്കം കാണിക്കുന്നത്. ഇതിന് പകരം ആണവ നിലയ നടത്തിപ്പുകാര്‍ക്കും ഉപകരണ വിതരണക്കാര്‍ക്കുമൊപ്പം കേന്ദ്രസര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട ഇന്‍ഷ്വറന്‍സ് സംവിധാനം ആവിഷ്‌കരിക്കാനാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസുമൊക്കെ അമേരിക്കയില്‍ ഉപയോഗിച്ച പഴഞ്ചന്‍ റിയാക്ടറുകള്‍ ഇവിടെ സ്ഥാപിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഊഹിക്കുന്നതിലപ്പുറമായിരിക്കും. നേരത്തെ ഭോപ്പാലിലെ വാതകച്ചോര്‍ച്ച വരുത്തിയ ദുരന്തത്തിന്റെ തീവ്രത നാം കണ്ടറിഞ്ഞതാണ്. അതിനേക്കാള്‍ മാരകവും ഭീകരവുമായിരിക്കും ഒരു ആണവ ദുരന്തത്തിന്റെ പ്രത്യാഘാതം. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഇരകള്‍ക്ക് നല്‍കേണ്ട ഭീമമായ നഷ്ടപരിഹാരത്തുകയില്‍ വിദേശ കമ്പനികളുടെ ബാധ്യത നാമമാത്രമാക്കി ചുരുക്കി, സിംഹ ഭാഗവും പാവപ്പെട്ട ഇന്ത്യന്‍ ജനതയുടെ മേല്‍ കെട്ടിവെക്കുമ്പോള്‍ മോദിസര്‍ക്കാറിന് ആരോടാണ് കടപ്പാട്? ഇന്ത്യന്‍ ജനതയോടോ, അമേരിക്കയോടോ? ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കരാറിന് അമേരിക്കന്‍ ഭരണകൂടവും യു എസ് കമ്പനികളും സന്നദ്ധമല്ലെങ്കില്‍ അതിന് തയാറുള്ള മറ്റു രാഷ്ട്രങ്ങളെ സമീപിക്കുകയല്ലാതെ അമേരിക്കയോട് അതിരുകവിഞ്ഞ വിധേയത്വം പുലര്‍ത്തുന്നത് കൊടിയ നാണക്കേടാണ്. ശാക്തിക രാജ്യങ്ങളെ പ്പോലും അതിശയിപ്പിക്കുന്ന വിധം സമീപ കാലത്ത് വികസന രംഗത്ത് വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് ഇത്തരമൊരു നാണം കെട്ട വിധേയത്വമന്തിനാണ്?