Connect with us

Articles

ജനവിധിയുടെ കൃത്യതക്കായി

Published

|

Last Updated

1993 ഡിസംബര്‍ മൂന്നിനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളും സ്ഥാനങ്ങളും നിശ്ചയിക്കല്‍; പൊതുതിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പുകള്‍ക്കും വോട്ടര്‍പട്ടിക തയ്യാറാക്കല്‍/പുതുക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍/അംഗങ്ങള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അവിശ്വാസപ്രമേയ നടപടികളുടെ മേല്‍നോട്ടം എന്നിവയും കമ്മീഷന്‍ നിര്‍വഹിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളില്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, അംഗങ്ങളുടെ അയോഗ്യത, രാജി, കൂറുമാറ്റം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കല്‍ എന്നിവയും കമ്മീഷന്‍ നിര്‍വഹിക്കുന്നു. കൂടാതെ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുന്നതില്‍ വീഴ്ച വരുത്തിയ അംഗങ്ങളെ അയോഗ്യരാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തവരെ അയോഗ്യ രാക്കുന്നതിനും ഫയല്‍ ചെയ്യുന്ന കേസുകളില്‍ കമ്മീഷന്‍ വിചാരണ നടത്തി തീര്‍പ്പു കല്‍പ്പിക്കുന്നു. സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 60 മുനിസിപ്പാലിറ്റികളും 5 മുനിസിപ്പല്‍ കോര്‍പറേഷനുകളും ഉള്‍പ്പെട്ട 1209 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21682 നിയോജകമണ്ഡലങ്ങള്‍/വാര്‍ഡുകളാണ് നിലവിലുള്ളത്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളില്‍ 2010 ഒക്‌ടോബറി ലാണ് അവസാനമായി പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. മട്ടന്നൂര്‍ നഗരസഭയില്‍ 2012 സെപ്റ്റംബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ തൃപ്തികരമായി തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് സമര്‍പ്പിക്കാത്തവരും തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയവരുമായ വ്യക്തികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കുന്നതിനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഇത്തരത്തില്‍ 10872 പേരെ കമ്മീഷന്‍ അയോഗ്യരാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2013-14ല്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലായി ആകെ 95 നിയോജകമണ്ഡലങ്ങളില്‍/വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
ഇവയില്‍ 81 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍, 4 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 1 ജില്ലാ പഞ്ചായത്ത് വാര്‍ഡ്, 9 മുനിസിപ്പല്‍/ കോര്‍പറേഷന്‍ വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവക്ക് പുറമെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍/ഉപാധ്യക്ഷന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍/അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലുണ്ടായിട്ടുള്ള ഒഴിവുകളും യഥാസമയം നികത്തിയിട്ടുണ്ട്. 2015-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടര്‍പട്ടികകള്‍ ഫോട്ടോപതിച്ച് തയ്യാറാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസംബ്ലി നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അസംബ്ലി പോളിംഗ് ബൂത്ത് തലത്തിലുള്ള വോട്ടര്‍പട്ടികകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകളിലേയ്ക്ക് ക്രമീകരിക്കുകയാണ് ഒന്നാം ഘട്ടത്തില്‍ ചെയ്തിട്ടുള്ളത്. ഇതിലേക്ക് ഓരോ അസംബ്ലി ബൂത്തിനും ഒരു ഹൗസ് വെരിഫിക്കേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അംഗന്‍വാടി വര്‍ക്കര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍ എന്നിവരെയാണ് ഇതിലേക്ക് നിയോഗിച്ചത്. അസംബ്ലി വോട്ടര്‍പട്ടികയിലെ ഓരോ വോട്ടറുടെയും വീടുകള്‍ സന്ദര്‍ശിച്ച് പുതിയതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ വീട്ട് നമ്പറുകള്‍ ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെരിഫിക്കേഷനെ തുടര്‍ന്നുള്ള വിവരങ്ങള്‍ എന്‍ ഐ സിയുടെ സാങ്കേതിക സഹായത്തോടെ അവ വാര്‍ഡു തലത്തിലുള്ള വോട്ടര്‍പട്ടികയാക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കരട് പ്രസിദ്ധീകരിച്ച് അവകാശവാദങ്ങളും ആക്ഷേപണങ്ങളും കേട്ട് അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കും.
2015ലെ പൊതുതിരഞ്ഞെടുപ്പിന് ഇത്തരത്തില്‍ തയ്യാറാക്കുന്ന ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ആയിരിക്കും ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവ ഉള്‍ക്കൊള്ളുന്ന ഭൂപ്രകൃതി അനുസരിച്ചോ നിശ്ചിത സ്‌കെയിലിലോ, അല്ല അവയുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കും മറ്റ് വികസന ആവശ്യങ്ങള്‍ക്കും കൃത്യതയുള്ള ഭൂപടങ്ങള്‍ വളരെ അനിവാര്യമാണ്. സര്‍വെ വകുപ്പ് മുഖാന്തിരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഭൂപടങ്ങള്‍ അവ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശത്തിനനുസരിച്ച് നിശ്ചിത സ്‌കെയിലില്‍ തയ്യാറാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. 2010ലെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് ഇത്തരത്തില്‍ ഭൂപടങ്ങള്‍ തയ്യാറാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ ഭൂപടങ്ങളാണ് തയ്യാറാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഓട്ടോ കാഡിലാണ് ഇവ തയ്യാറാക്കി വരുന്നത്. ഇവ പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ ഭൂപടങ്ങള്‍ തയ്യാറാക്കും. സര്‍വെ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ജില്ലാ ഭൂപടങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ സ്ഥാപനത്തിന്റെയും ഭൂപടങ്ങള്‍ തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരും എന്‍ജിനീയര്‍മാരും സംയുക്തമായി ഫീല്‍ഡ് പരിശോധന നടത്തി 2010ലെ വാര്‍ഡുവിഭജന ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് വാര്‍ഡുകളുടെ അതിര്‍ത്തികള്‍ വരയ്ക്കുന്നത്. പ്രധാന റോഡുകള്‍, പുഴകള്‍, തോടുകള്‍, വനപ്രദേശം, റെയില്‍വെ ലൈന്‍, പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, പോളിംഗ് സ്റ്റേഷനുകള്‍ മുതലായവ കൂടി അടയാളപ്പെടുത്തിയാണ് ഭൂപടങ്ങള്‍ തയ്യാറാക്കുന്നത്.
2015ലെ പൊതുതിരഞ്ഞെടുപ്പിന് ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 2010ലെ പൊതു തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നത്. ത്രിതല പഞ്ചായത്തുകളില്‍ കൂടി ഇവ ഉപയോഗിക്കുന്നത് മൂലം 35,000 ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൂടി അധികമായി വേണ്ടി വരും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് ബൂത്തില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും 3 ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഇത്രയും മെഷീനുകള്‍ വാങ്ങുന്നതിനും സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും 100 കോടി രൂപ വേണ്ടി വരും. ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് മെഷീനുകള്‍ വാങ്ങുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് മൂലം അസാധു വോട്ടുകളുടെ എണ്ണം കുറയ്ക്കാനും വളരെ വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താനും കഴിയുന്നു. അതുപോലെ പ്രിന്റിംഗ് ചാര്‍ജ് തുടങ്ങിയ ആവര്‍ത്തന ചെലവ് കുറയ്ക്കാനും കഴിയുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍)യുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും നിയമാവബോധം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. “നിയമഅവബോധത്തിലൂടെയുള്ള സംശുദ്ധ ഭരണം” എന്ന ലക്ഷ്യം വച്ച് കൊണ്ടുള്ള ഈ പരിശീലന പരിപാടി രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Latest