മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രിസഭയിലേക്ക്

Posted on: December 2, 2014 11:59 pm | Last updated: December 2, 2014 at 11:59 pm

bjp-shivsenaമുംബൈ: മഹാരാഷ്ട്ര സര്‍ക്കാറില്‍ ചേരുന്നതിനെ സംബന്ധിച്ച എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ച് ഫോര്‍മുല അംഗീകരിച്ചതായി ശിവസേനാ വക്താവ്. അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച ചര്‍ച്ച 70- 80 ശതമാനം പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചിരുന്നു. ഫോര്‍മുല പ്രകാരം, ഫട്‌നാവിസ് സര്‍ക്കാറില്‍ ശിവസേനക്ക് 12 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. ഇവയില്‍ അഞ്ചെണ്ണം കാബിനറ്റ് റാങ്കാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി എ ആര്‍ ആന്തുലെയുടെ മരണത്തെ തുടര്‍ന്നാണ് ഔപചാരിക പ്രഖ്യാപനം വൈകുന്നത്.
ബി ജെ പിയുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്, ഇരു കൂട്ടര്‍ക്കും അംഗീകൃതമായ ഫോര്‍മുലയില്‍ എത്തിച്ചേര്‍ന്നതായി മുതിര്‍ന്ന സേനാ നേതാവ് അറിയിച്ചു. മന്ത്രിസഭാ വികസനം നടത്താന്‍ ഇന്നാണ് തീരുമാനിച്ചതെങ്കിലും ആന്തുലയുടെ നിര്യാണത്തെ തുടര്‍ന്ന് അത് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ വികസന തീയതി പ്രഖ്യാപിച്ച ശേഷമേ സേനാ മന്ത്രിമാരുടെ പേര് വെളിപ്പെടുത്തുകയുള്ളൂ. വ്യവസായം, പരിസ്ഥിതി, ആരോഗ്യം, എം എസ് ആര്‍ ഡി സി (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍), ഗതാഗതം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളാണ് പാര്‍ട്ടിക്ക് ലഭിച്ചതെന്ന് മറ്റൊരു സേനാ നേതാവ് അറിയിച്ചു.
ഉപ മുഖ്യമന്ത്രി പദം, ആഭ്യന്തര മന്ത്രി സ്ഥാനം തുടങ്ങിയവ ലഭിച്ചാലേ മന്ത്രിസഭയില്‍ ചേരൂവെന്ന മുന്‍കാല കടുംപിടിത്തത്തില്‍ നിന്ന് ശിവസേന ഏറെ പിന്നാക്കം പോയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുമെന്നാണ് കഴിഞ്ഞയാഴ്ച വരെ ശിവസേനയുടെ നിലപാട്. എന്നാല്‍, സേനാ നേതാവ് സുഭാഷ് ദേശായിയും ഫട്‌നാവിസും നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉരുകിത്തീരുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രാത്രി വരെ ഇത്തരമൊരു ഫോര്‍മുലയേ ഉണ്ടായിട്ടില്ലെന്നാണ് ബി ജെ പിയുടെ ചില നേതാക്കള്‍ പ്രതികരിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ALSO READ  ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ 80,000 കടന്നു; മഹാരാഷ്ട്ര 1.6 ലക്ഷത്തിലേക്ക്, 78,000 കവിഞ്ഞ് തമിഴ്‌നാട്