വാടകക്കെട്ടിടത്തിലെ അങ്കണ്‍വാടി ഒഴിപ്പിച്ചു: കുട്ടികള്‍ പെരുവഴിയില്‍

Posted on: December 2, 2014 11:24 am | Last updated: December 2, 2014 at 11:24 am

പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്തിലെ ഇത്തേപറമ്പ് അങ്കണ്‍വാടിയിലെ 25ഓളം കുട്ടികളും ജീവനക്കാരും പെരുവഴിയില്‍. 2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ അങ്കണ്‍വാടിക്ക് സ്വന്തമായി ഒരു കെട്ടിടമില്ല എന്നുള്ളതാണ് ഈ അവസ്ഥക്ക് കാരണം.
2008ല്‍ ഒരു സ്വകാര്യ വ്യക്തി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി അങ്കണ്‍വാടി കെട്ടിടം നിര്‍മിക്കാന്‍ നല്‍കിയിട്ടുണ്ടെങ്കിലും കെട്ടിട നിര്‍മാണം ഇന്നുവരെ തുടങ്ങിയിട്ടില്ല. അങ്കണ്‍വാടി തുടങ്ങിയത് മുതല്‍ ഇന്നുവരെ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തില്‍നിന്ന് ഒഴിവായതോടെ അങ്കണ്‍വാടിയുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. കൗമാര പ്രായക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഉള്ള പോഷകാഹാരങ്ങളും ആനുകൂല്യങ്ങളുമൊക്കെ ഈ അങ്കണ്‍വാടി നിര്‍ത്തലാവുന്നതോടെ ഇല്ലാതാകും.
ഇതിന് പുറമെ കുട്ടികളെ അങ്കണ്‍വാടികളിലിരുത്തി ജോലിക്ക് പോകുന്ന അമ്മമാരും ഇന്ന് ആശങ്കയിലാണ്. കാലങ്ങളായി ഈ അങ്കണ്‍വാടിക്ക് സൗജന്യമായി സ്ഥലം ലഭിച്ചിട്ടും ഉപയോഗപ്രദമായ രീതിയില്‍ കെട്ടിടം നിര്‍മിക്കാതിരുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറുടെയും തികഞ്ഞ അനാസ്ഥയാണെന്ന് നാട്ടുകാരും രക്ഷിതാക്കളും ആരോപിച്ചു.
അങ്കണ്‍വാടി യാഥാര്‍ഥ്യമാകുന്നതു വരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കെ യൂസുഫ്, പി ഫൈസല്‍, ടി അസൈനാര്‍ യോഗത്തില്‍ പ്രസംഗിച്ചു.