വ്യാജമദ്യം: പരിശോധന കര്‍ശനമാക്കും ഒരു മാസം സ്‌പെഷ്യല്‍ ഡ്രൈവ് പിരിയഡ്‌

Posted on: December 2, 2014 9:06 am | Last updated: December 2, 2014 at 9:06 am

കോഴിക്കോട്: ക്രിസ്മസ്, പുതുവത്സരാഘോഷത്തിനിടെ വ്യാജമദ്യ ദുരന്തത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി എക്‌സൈസ് പരിശോധന ശക്തമാക്കുന്നു. സംസ്ഥാനത്ത് മദ്യ വില്‍പ്പനക്കെതിരെയുള്ള പ്രതിരോധം ശക്തമാകുകയും ബാര്‍ നിരോധമടക്കുള്ള വിഷയങ്ങള്‍ സജീവമായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതുവത്സരം കടന്നുവരുന്നത്. ഈ സാഹചര്യത്തില്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും എന്ത് വിലകൊടുത്തും ചെറുക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം എട്ട് മുതല്‍ അടുത്ത മാസം ഏഴ് വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് പിരീയഡായി പ്രഖ്യാപിച്ച് പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. വ്യാജമദ്യ ഉത്പാദനവും വിതരണവും പൊതുജന പങ്കാളിത്തത്തോടെ തടയുന്നതിനായി രൂപവത്കരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ജില്ലയില്‍ ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമും താലൂക്ക് അടിസ്ഥാനത്തില്‍ മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ഏര്‍പ്പെടുത്തും. റോഡ് പട്രോളിംഗും പരിശോധനയും രഹസ്യവിവരശേഖരവും സ്ഥിരം കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളും ഊര്‍ജിതപ്പെടുത്തും. നപടികള്‍ താഴെക്കിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ വിളിച്ചുകൂട്ടാന്‍ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കത്തയക്കും.
വ്യാജമദ്യത്തിന്റെ ഉത്പാദനം നടക്കാന്‍ സാധ്യതയുളള സ്ഥലങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി പോലീസ്, ഫോറസ്റ്റ്, റവന്യു, ട്രൈബല്‍ വകുപ്പുകളുമായി ചേര്‍ന്ന് എക്‌സൈസ് റെയ്ഡുകള്‍ നടത്തും.
മാഹിയില്‍ നിന്നുള്ള വിദേശമദ്യക്കടത്ത് തടയുന്നതിന് അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധന കര്‍ശനമാക്കാനും തീരുമാനമായി. യോഗത്തില്‍ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു.
എ ഡി എം കെ രാധാകൃഷ്ണന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ എസ് ടി റാഫേല്‍, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി അരവിന്ദാക്ഷന്‍ പങ്കെടുത്തു.