തിരഞ്ഞെടുപ്പ് പരാജയം: തായ്‌വാനില്‍ മന്ത്രിസഭ രാജിവെച്ചു

Posted on: December 2, 2014 3:29 am | Last updated: December 1, 2014 at 10:30 pm

തായ്‌പേയി: തായ്‌വാനില്‍ പ്രാദേശിക തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കാബിനറ്റ് രാജിവെച്ചു. ഭരണ കക്ഷിയായ പാര്‍ട്ടിക്ക് ദ്വീപുകളിലെ പ്രദേശിക തിരഞ്ഞെടുപ്പില്‍ എറ്റവും വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് രാജിവെച്ചത്. കെ എം ടി പാര്‍ട്ടിക്കാണ് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ പ്രധാനമന്ത്രി ജിയാംഗ് യി ഹോഹ് സ്ഥലം വിട്ടിരുന്നു. ഇന്നലെ രാവിലെയാണ് കാബിനറ്റ് രാജിവെച്ചത്. പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ അടുത്ത മന്ത്രിസഭ നിലവില്‍ വരുന്നത് വരെ താത്കാലിക കാബിനറ്റായി തുടരണമെന്ന് പ്രസിഡന്റ് മ യിംഗ് ജീഓ ആവശ്യപ്പെട്ടു. തായ്‌വാനിലെ ആറ് പ്രധാന മുനിസിപ്പാലിറ്റികളില്‍ അഞ്ചെണ്ണവും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും ഭക്ഷ്യ രംഗത്തുള്ള അഴിമതിയും ഭരണത്തിനെതിരെ പൊതുജനവികാരം ഉയരാന്‍ ഇടയാക്കിയെന്നാണ് വിലയരുത്തുന്നത്. പ്രധാന എതിരാളികളായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ( ഡി പി പി)ക്ക് 47.5 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.