Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 13 സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം സി ആര്‍ പി എഫിലെ പതിമൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. പത്ത് ദിവസങ്ങളായി സി ആര്‍ പി എഫുകാര്‍ മാവോയിസ്റ്റ് വേട്ട തുടരുന്ന സുക്മ ജില്ലയിലെ കസല്‍പാറ ഗ്രാമത്തിലെ ഛിന്താഗുഫ പ്രദേശത്താണ് ആക്രമണം നടന്നത്. സി ആര്‍ പി എഫിന്റെ 223, 206 ബറ്റാലിയനിലെ ജവാന്മാരും കമാന്‍ഡോ യൂനിറ്റായ കോബ്രയിലെ സൈനികരുമാണ് ആക്രമിക്കപ്പെട്ടത്. ഡെപ്യൂട്ടി കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ളവരാണ് കൊല്ലപ്പെട്ട ഓഫീസര്‍മാര്‍. പത്ത് ദിവസമായി വനത്തിനുള്ളില്‍ പരിശോധന നടത്തിവരികയായിരുന്നു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ശക്തമായ ആക്രമണം നടന്നതായി ദന്തേവാഡ മേഖലയുടെ ചുമതലയുള്ള സി ആര്‍ പി എഫിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥിരീകരിച്ചു. ബസ്തര്‍ മേഖലയില്‍ പെടുന്ന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഏറ്റുമുട്ടല്‍ രണ്ട് മണി വരെ നീണ്ടുനിന്നതായി സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്രോളിംഗ് നടത്തിയ സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രാമവാസികളുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. ഗ്രാമവാസികളെ മനുഷ്യകവചമായി ഉപയോഗിച്ചതായും സി ആര്‍ പി എഫ് അധികൃതര്‍ പറഞ്ഞു. ഇക്കാരണത്താല്‍ പ്രത്യാക്രമണം നടത്തുന്നതിന് പരിമിതിയുണ്ടായിരുന്നു.
വെടിയേറ്റ സൈനികരെ ഹെലിക്കോപ്റ്ററില്‍ ജഗദാല്‍പൂരിലെയും തലസ്ഥാനമായ റായ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എം ഐ- 17 ഹെലികോപ്റ്റര്‍ അയച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സി ആര്‍ പി എഫ് പരിശോധന ശക്തമാക്കി. .
ഛത്തീസ്ഗഢിനെ നക്‌സല്‍ വിമുക്തമാക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള മറുപടിയാണ് സി ആര്‍ പി എഫിനെതിരെ നടന്ന ആക്രമണമെന്ന് കരുതുന്നു. നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് (എന്‍ എസ് എ ബി) പ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് രമണ്‍ സിംഗ് ഈ പ്രസ്താവന നടത്തിയത്. എന്‍ എസ് എ ബി ചെയര്‍മാനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ശ്യാം സരണിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. കസല്‍പാറ ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടന്ന ഏറ്റുമുട്ടലില്‍ പതിനഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു