ജയലളിതക്കെതിരായ ആദായ നികുതി കേസ് അവസാനിപ്പിക്കുന്നു

Posted on: December 1, 2014 11:31 pm | Last updated: December 1, 2014 at 11:31 pm

jayalalithaചെന്നൈ: ആദായ നികുതി അടക്കാത്തതിന് എ ഐ എ ഡി എം കെ നേതാവ് ജയലളിതക്കും തോഴി ശശികലക്കും എതിരെ എടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. നാല് കേസുകളാണ് നിലവിലുള്ളത്. ഇതിലേക്ക് ഒറ്റത്തവണ തീര്‍പ്പെന്ന നിലയില്‍ ഏതാണ്ട് രണ്ട് കോടി രൂപ അടച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന ചെന്നൈയിലെ മെട്രോപോളിറ്റന്‍ കോടതിയെ ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച വകുപ്പിന്റെ അന്തിമ തീരുമാനം താമസിയാതെ ഉണ്ടാകും.
ജയലളിത 3,08,38,87 രൂപയും ശശികല 2,80,79,72 രൂപയുമാണ് അടച്ചത്. 1993- 94 കാലയളവില്‍ ആദായ നികുതി അടക്കാത്ത കേസാണിത്. 1991- 92, 1992-93 കാലയളവിലെ ആദായ നികുതി തുകയായി യഥാക്രമം 7,53,33,30 രൂപയും 6,56,78,72 രൂപയും ശശി എന്റര്‍പ്രൈസസ് അടച്ചിട്ടുണ്ട്. മൊത്തം 1,99,90,000 രൂപ അടച്ചു. ഇതിന് പുറമെ കോടതി ചെലവും കേസ് നടത്തിപ്പ് ചെലവും നല്‍കണം. പണം നല്‍കി കേസ് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ജൂണിലാണ് ജയലളിതയും കൂട്ടരും അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ആദായ നികുതി വകുപ്പ് അനുകൂല തീരുമാനമെടുത്തത്.