Connect with us

Gulf

അന്തര്‍ദേശീയ ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ 11 മുതല്‍ അബുദാബിയില്‍

Published

|

Last Updated

അബുദാബി: സാംസ്‌കാരിക വകുപ്പിന്റെയും ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെയും സഹകരണത്തോടെ എമിറേറ്റ്‌സ് ഫാല്‍ക്കണ്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഫാല്‍ക്കണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ അബുദാബി അല്‍ ഫുര്‍സാന്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് റിസോര്‍ട്ടില്‍ നടക്കും.
80 രാജ്യങ്ങളില്‍ നിന്ന് 800 ഫാല്‍ക്കണുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമാവും. ഫാല്‍ക്കണുകളെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിനും പ്രാധാന്യം നല്‍കുന്ന രാജ്യമാണ് യു എ ഇ. ലോകത്തുള്ള ഫാല്‍ക്കണുകളില്‍ അമ്പത് ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണുള്ളത്. ഫാല്‍ക്കണുകളെ സംരക്ഷിക്കുന്നതിന് പ്രധാന പങ്കുവഹിച്ചതിന് യു എ ഇക്ക് യുനസ്‌കോയുടെ പ്രശസ്തിപത്രം ലഭിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ എമിറേറ്റ്‌സ് ഫാല്‍ക്കണ്‍ ക്ലബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാജിദ് അലി അല്‍ മന്‍സൂരി വ്യക്തമാക്കി.
അപൂര്‍വ ഇനത്തില്‍പെട്ട ഫാല്‍ക്കണുകളായ ഹോബ്ര ബസ്സ്റ്റാര്‍ഡ് ഉള്‍പെടെ 46,000 ഫാല്‍ക്കണുകളെ യു എ സംരക്ഷിക്കുന്നുണ്ട്. വംശ നാശം സംഭവിച്ചു കൊണ്ടിരുന്ന ഫാല്‍ക്കണുകളെ ആവശ്യമായ പരിചരണം നല്‍കി സംരക്ഷിക്കുന്നതില്‍ യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഫാല്‍ക്കണുകളുള്ളത് യു എ ഇയിലാണെന്നും ഭാരവാഹികള്‍ വെളിപ്പെടുത്തി.