ജെറ്റ് സ്‌കീകള്‍ നിയമം ലംഘിക്കുന്നെന്ന് പരാതി

Posted on: December 1, 2014 8:34 pm | Last updated: December 1, 2014 at 8:34 pm

&MaxW=640&imageVersion=default&AR-141139994അബുദാബി: ജെറ്റ് സ്‌കീകള്‍ നിയമം ലംഘിക്കുന്നതായി പരാതി ഉയരുന്നു. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജെറ്റ് സ്‌കീകള്‍ വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നത്. വാടകക്കായി ജെറ്റ് സ്‌കീ ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് നീന്തല്‍ വശമുണ്ടോയെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇവ ഓടിക്കുന്നവരുടെ പ്രായം, മുമ്പ് ജെറ്റ് സ്‌കീ ഓടിച്ചവരാണോ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വാടകക്ക് നല്‍കുന്നവര്‍ പലപ്പോഴും പാലിക്കുന്നില്ലത്രെ.
കഴിഞ്ഞ വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ പരിശോധന നടത്തിയപ്പോള്‍ കടലില്‍ ജെറ്റ് സ്‌കീയുമായി സവാരിക്കിറങ്ങിയവരില്‍ ആറു പേര്‍ മതിയായ പ്രായമാവാത്തവരായിരുന്നു. യു എ ഇ നിയമപ്രകാരം 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ജെറ്റ് സ്‌കീ ഓടിക്കാന്‍ അനുമതിയുള്ളൂ.
അതേ സമയം നീന്തല്‍ വശമുള്ളവര്‍ക്ക് മാത്രമെ ജെറ്റ് സ്‌കീ വാടകക്ക് നല്‍കാവൂവെന്ന് നിര്‍ബന്ധമില്ലെന്ന് ബംഗ്ലാദേശ് സ്വദേശിയായ ഓപറേറ്റര്‍ ശരീഫ് മുഹമ്മദ് വ്യക്തമാക്കി. ജെറ്റ് സ്‌കീകള്‍ വാടകക്ക് നല്‍കുമ്പോള്‍ ലൈഫ് ജാക്കറ്റും നല്‍കുന്നുള്ളതിനാല്‍ നീന്തല്‍ വശമില്ലെങ്കിലും പ്രശ്‌നമില്ല.
എന്തെങ്കിലും അപകടം സംഭവിക്കുന്ന പക്ഷം ലൈഫ് ജാക്കറ്റ് അണിയുന്നതിനാല്‍ ഇവരെ വേഗം വെള്ളത്തില്‍ നിന്നു കരക്കെത്തിക്കാന്‍ സാധിക്കും. വാടകക്ക് ജെറ്റ് സ്‌കീ എടുക്കുന്നവര്‍ക്ക് 18 വയസ് ആകണമെന്നാണ് നിയമമെങ്കിലും ഇവര്‍ കുട്ടികളെയോ മറ്റ് 18 വയസില്‍ താഴെയുള്ളവരെയോ ജെറ്റ് സ്‌കീ സവാരിയില്‍ പങ്കാളികളാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം വാടകക്കാരന് മാത്രമായിരിക്കും. എമിറേറ്റ്‌സ് ഐ ഡി പരിശോധിച്ചാണ് പ്രായം കണക്കാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.