Connect with us

International

പാകിസ്ഥാന്‍ സതംഭിപ്പിക്കുമെന്ന് ഇംറാന്‍ ഖാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ 2013ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലെ കൃത്രിമം സംബന്ധിച്ച് നീതിപൂര്‍വമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 16ന് രാജ്യം സ്തംഭിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍. പി എം എല്‍ (എന്‍) നേതാവ് നവാസ് ശരീഫ് വിജയിച്ച തിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ നടന്ന കൃത്രിമം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകും വരെ പ്രക്ഷോഭം തുടരുമെന്ന് പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ പാര്‍ലിമെന്റിനു പുറത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു. പന്ത് ഇപ്പോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്, അന്വേഷണം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണം. ഈ മാസം 16ന് പാക്കിസ്ഥാന്‍ സ്തംഭിപ്പിക്കും, അതിന് ശേഷം ഞാന്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ചെറുക്കാനാകില്ല, തങ്ങളുടെ പ്രക്ഷോഭം 109 ദിവസം പിന്നിട്ടു, പിന്നിടുന്ന ഓരോ ദിവസവും പുതിയ പാക്കിസ്ഥാനിലേക്കാണ് കണ്‍തുറക്കുന്നത്, തങ്ങള്‍ക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നുണ്ടെന്നും ഇമ്രാന്‍ പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നാലിന് ലാഹോറിലെത്തി അവിടം സ്തംഭിപ്പിക്കും, എട്ടിന് ഫൈസലാബാദും, 12ന് കറാച്ചിയും 16ന് രാജ്യം മുഴുവനും സ്തംഭിപ്പിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ക്യത്രിമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ പി ടി ഐ പാര്‍ട്ടി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടരുകയാണ്. നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് ആഗസ്റ്റ് മധ്യത്തിലാണ് ഇമ്രാന്‍ പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ പിന്നീട് ശരീഫിന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോയ ഇമ്രാന്‍ തിരഞ്ഞെടുപ്പ് കൃത്രിമം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് പ്രക്ഷോഭം തുടരുന്നത്. ഡിസംബര്‍ 16 പാക് ചരിത്രത്തിലെ ദുരന്ത ദിനമാണ്. ഇന്ത്യയുമായുള്ള യുദ്ധത്തില്‍ കീഴടങ്ങിയ പാക്കിസ്ഥാന് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗം നഷ്ടമാകുകയും ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്ത ദിവസമാണ് ഡിസംബര്‍ 16.

Latest