പിഞ്ചുബാലികമാരെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

Posted on: December 1, 2014 10:19 am | Last updated: December 1, 2014 at 10:19 am

മഞ്ചേരി: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാല്‍പത്തൊമ്പതുകാരനായ അധ്യാപകനെ മഞ്ചേരി സി ഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തു. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപ്പുറായി ജി എല്‍ പി സ്‌കൂള്‍ അധ്യാപനായ യാക്കിപ്പറമ്പന്‍ അബ്ദുസമദ് (49)നെയാണ് ഇന്നലെ മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
എട്ട് വയസ്സുകാരിയായ വിദ്യാര്‍ഥിനി പീഡനം സംബന്ധിച്ച് രക്ഷിതാക്കളോട് പറയുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മലപ്പുറം വനിതാസെല്‍ എസ് ഐ ദേവി, വനിതാ എസ് സി പി ഒ ഹഫ്‌സത്ത് എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
കഴിഞ്ഞ ജൂണ്‍ മൂന്ന് മുതല്‍ നവംബര്‍ 26 വരെ പല സമയങ്ങളിലായി ക്ലാസ് റൂമില്‍ വെച്ചും ബാത് റൂമില്‍ വെച്ചും പീഡനത്തിരയായതായി പെണ്‍കുട്ടി മൊഴി നല്‍കി. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സമാന പരാതിയുമായി പല വിദ്യാര്‍ഥിനികളും രംഗത്തു വന്നു. പൊലീസ് പ്രതിക്കെതിരെ ഇന്നലെ നാല് കേസുകളെടുത്തു. പത്തിലധികം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയേക്കുമെന്ന് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.
1995 മുതല്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തു വരുന്ന പ്രതിക്ക് ഭാര്യയും നാല് മക്കളുമുണ്ട്. ഇളയമകള്‍ പിഡനത്തിനിരയായ കുട്ടികളുടെ സഹപാഠിയാണ്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം പ്രതിയെ മജിസ്‌ട്രേറ്റ് ആര്‍ മിനി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.