Connect with us

Kozhikode

നാരായണ നഗര്‍ സ്റ്റേഡിയം: യു ഡി എഫ് പ്രക്ഷോഭത്തിന്

Published

|

Last Updated

വടകര: നാരായണ നഗറില്‍ വടകര നഗരസഭ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിനെതിരെ സി പി എം നേതാവും മുന്‍ ചെയര്‍മാനുമായ ടി പി ചന്ദ്രന്റെ വെളിപ്പെടുത്തല്‍ യു ഡി എഫ് ആയുധമാക്കുന്നു. സി ക നാണു എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നര കോടി രൂപ ചെലവഴിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
നഗരസഭയുടെ കൈവശമുള്ള ആറ് ഏക്കര്‍ സ്ഥലത്ത് സിന്തറ്റിക്ക് ട്രാക്ക് അടക്കമുള്ള ആധുനിക സൗകര്യങ്ങളെടുകൂടിയ സ്റ്റേഡിയമാണ് നേരത്തെ വിഭാവനം ചെയ്തത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടേക്കര്‍ സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനെതിരെയാണ് മുന്‍ ചെയര്‍മാന്‍ ടി പി ചന്ദ്രന്‍ തുറന്നടിച്ചത്. ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
അതീവ ജാഗ്രതയോടും ഗൗരവ ബോധത്തോടെയും കൈയാളേണ്ടുന്ന നഗരഭരണം തികച്ചും വ്യക്തിപരമായ ഒരലങ്കാരമായി കാണുന്നവരെ ഏല്‍പ്പിച്ച് വടകരയുടെ വികസനം അഞ്ച് വര്‍ഷത്തേക്ക് പിന്നോട്ടടിപ്പിച്ച സി പി എം നേതൃത്വം വടകരയിലെ പൗരാവലിയോട് മാപ്പ് പറയണമെന്ന് ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗര ഭരണാധികാരി പ്രതിപക്ഷവുമായി ഒരാലോചനയും നടത്താറില്ല. ഇതുകാരണം എടുക്കുന്ന തീരുമാനങ്ങളെല്ലാം അവതാളത്തിലാണ്. വടകരയുടെ വികസനത്തിന് സമവായം കണ്ടെത്തുന്നതിന് പകരം നഗരസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടിനിട്ട് പാസാക്കുന്ന രീതിയാണ് ചെയര്‍പേഴ്‌സണ്‍ സ്വീകരിക്കുന്നത്. നാരായണ നഗറിലെ ബി ഒ ടി കെട്ടിടത്തിന് പിഴയിനത്തില്‍ ലഭിക്കേണ്ട അഞ്ച് കോടി രൂപ ഈടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴും സ്റ്റേഡിയം നിര്‍മാണത്തിലും ഭരണപക്ഷം ഇതേ നിലപാടാണ് തുടരുന്നതെന്നും ഇത്തരം ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോയാല്‍ ബഹുജനങ്ങളെ അണിനിരത്തി സമരരംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാന്‍ യു ഡി എപ് മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി തീരുമാനിച്ചു. സ്റ്റേഡിയം പൂര്‍ണ തോതില്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം ഇന്‍ഡോര്‍ സ്റ്റേഡിയവുമായി മുന്നോട്ട് പോകുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും യോഗം ആരോപിച്ചു. പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് വടകര അഞ്ചുവിളക്ക് ജംഗ്ഷനില്‍ ബഹുജന ധര്‍ണ നടത്താന്‍ ഏരിയാ കമ്മിറ്റി തീരുമാനിച്ചു.

Latest